ആലപ്പുഴ: ആറാട്ടുപുഴയിൽ ബിജെപിയിൽ ചേർന്ന ക്രൈസ്തവ വിശ്വാസികളെ സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പരാതി നൽകിയവർക്കെതിരെ പോലീസിന്റെ പ്രതികാര നടപടി. പരാതിക്കാരായ ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു ചൂളത്തെരുവ് വത്തിക്കാൻ സിറ്റിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പുത്തൻകണ്ടതിൽ ലിജോ രാജൻ, സോബിൻ, താഴ്ചയിൽ ബിനോയ് എന്ന വർഗ്ഗീസ് എന്നിവരുടെ വീടുകളിലാണ് സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകൾ എത്തിയത്. ഇരു ചക്രവാഹനങ്ങളിൽ എത്തിയ ഇവർ വീടുകളിലേക്ക് അതിക്രമിച്ച് കടന്ന ഗുണ്ടകൾ വീട്ടുകാരെ മുഴുവൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. ഇതോടെ ഇവർ കനകക്കുന്ന് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ അക്രമികൾക്ക് പകരം പരാതിക്കാരായ ബിജെപി പ്രവർത്തകരെയാണ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ ഇവരെ റിമാൻഡ് ചെയ്യാനുള്ള നീക്കത്തിനെതിരെ സംഭവം മറ്റ് പ്രവർത്തകർ അറിഞ്ഞു. ഇതോടെ ശക്തമായ പ്രതിഷേധവുമായി പ്രവർത്തകർ സംഘടിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.
പരാതിക്കാരെ കസ്റ്റഡിയിൽ എടുത്തത് ഇവർ ചോദ്യം ചെയ്തു. എന്നാൽ പോലീസ് പ്രകോപനപരമായ പെരുമാറ്റം ആയിരുന്നു പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബിജെപി വ്യക്തമാക്കി. കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ബിജെപിയുടെ ശക്തമായ പ്രതിഷേധം തുടരുകയായിരുന്നു.
അടുത്തിടെയായി വത്തിക്കാൻ സിറ്റിയിൽ നിന്നും നൂറിലധികം ക്രൈസ്തവ വിശ്വാസികളാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നുമുള്ളവർ ഇതിൽ ഉണ്ട്. അന്ന് മുതൽ തന്നെ ഇവർക്കെതിരെ സിപിഎം ഭീഷണി നിലനിൽക്കുന്നുണ്ട്. അതേസമയം ബിജെപിയുടെ പരാതിയിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post