കണ്ണൂര്‍: പ്രധാനാദ്ധ്യാപകന് ആത്മഹത്യ ചെയ്ത കേസിലെ രണ്ടാംപ്രതി ജെയിംസ് മാത്യു എം.എല്‍.എയുടെ പുള്ളിക്കുന്നിലെ വീട്ടില്‍ പോലിസ് റെയ്ഡ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പോലിസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കേസില്‍ ഒന്നാംപ്രതിയായ സഹാദ്ധ്യാപകന്‍ എം.വി. ഷാജിയുടെ ചുഴലി വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലും പൊലീസ് റെയ്ഡിന് ചെന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ കേരളത്തിലില്ലെന്നാണ് സൂചന. ഷാജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
എം.എല്‍.എ എന്ന നിലയില്‍ ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്ന വിവരം അന്വേഷണ സംഘം ഇന്നലെ വിധി വന്നതിനെ തുടര്‍ന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. നിയമസഭ നടക്കാത്ത സമയമായതിനാല്‍ സ്പീക്കറുടെ അനുമതി ഇല്ലാതെതന്നെ ജെയിംസ് മാത്യുവിനെ പൊലീസിന് അറസ്റ്റുചെയ്യാനാ്കുമെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എം.എല്‍.എ അനാവശ്യമായ ഇടപെടല്‍ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശശിധരന് മരിക്കുന്നതിന് തലേദിവസം ഉള്‍പ്പെടെ മുന്നെയുള്ള ദിവസങ്ങളില്‍ ജെയിംസ് മാത്യുവും ഷാജിയും ശശിധരനോട് കൂടുതല്‍ സമയം ഫോണില്‍ സംസാരിച്ചതായി സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമായി. ഇതിനിടെ ജെയിംസ് മാത്യു കേസില്‍ സുപ്രിംകോടതിയെ സമീപിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണെന്നാണ് ലഭിക്കുന്ന സൂചന.
നിയമപരമായ കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കുമെന്നമാത്രമാണ് സി.പി.എം കേന്ദ്രങ്ങളുടെ പ്രതികരണം.
Discussion about this post