മുംബൈ : ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലിൽ . പൊരുതിക്കളിച്ച ന്യൂസ്‌ലൻഡിനെ 70 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ വെല്ലുവിളി ഉയർത്തിയ ന്യൂസ്‌ലൻഡിനെ മുഹമ്മദ് ഷമിയുടെ മാരക സ്പെല്ലാണ് തകർത്തത്. ന്യൂസ്‌ലൻഡിനു വേണ്ടി ഉറച്ച് നിന്ന് പോരാടിയ ഡാരിൽ മിച്ചൽ സെഞ്ച്വറി നേടി. ക്യാപ്ടൻ കെയ്ൻ വില്യംസൺ 69 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് നേടിയ 41 റൺസ് ഒഴിച്ചാൽ കിവി നിരയിൽ വേറെ ആർക്കും കാര്യമായ സ്കോർ നേടാൻ കഴിഞ്ഞില്ല.
കൂറ്റൻ സ്കോർ പിന്തുടർന്ന ന്യൂസ്‌ലൻഡ് ഓപ്പണർമാർ ആദ്യം തന്നെ ആക്രമണ ബാറ്റിംഗാണ് കാഴ്ച്ച വച്ചത്. എന്നാൽ മുഹമ്മദ് സിറാജിനെ പിൻവലിച്ച് ആറാം ഓവറിൽ തന്നെ മുഹമ്മദ് ഷമിയെ കൊണ്ടുവന്ന രോഹിത് ശർമ്മയുടെ തീരുമാനം കളിയുടെ ഗതി മാറ്റി. ആദ്യ പന്തിൽ തന്നെ ഡെവൺ കോൺവേയെ കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി കരുത്തുകാട്ടി. സ്കോർ 1 വിക്കറ്റിന് 30 റൺസ്. ഏഴാം ഓവറിൽ സ്കോർ 39 ൽ നിൽക്കെ രചിൻ രവീന്ദ്രയേയും രാഹുലിന്റെ കൈകളിൽ എത്തിച്ച് മുഹമ്മദ് ഷമി വീണ്ടും കീവീസിനെ ഞെട്ടിച്ചു.
തുടർന്ന് ഡാരിൽ മിച്ചലും ക്യാപ്ടൻ കെയ്ൻ വില്യംസണും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. ഒരറ്റത്ത് ഉറച്ച് നിന്ന് ക്യാപ്ടൻ പൊരുതിയപ്പോൾ പടുകൂറ്റൻ സിക്സറുകളുമായാണ് മിച്ചൽ ഇന്ത്യയെ നേരിട്ടത്. 181 റൺസിന്റെ കൂട്ടുകെട്ട് ഒടുവിൽ മുഹമ്മദ് ഷമി തന്നെ പൊളിച്ചു. മിഡ് വിക്കറ്റിലേക്ക് തൂക്കിയടിച്ച വില്യംസണെ സൂര്യകുമാർ യാദവ് ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കി. അതേ ഓവറിൽ തന്നെ ടോം ലാതമിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ഷമി ഇരട്ട പ്രഹരമേൽപ്പിച്ചതോടെ ഇന്ത്യയും കാണികളും ഉണർന്നു.
വിക്കറ്റുകൾ വീണെങ്കിലും പോരാട്ടം നിർത്താതെ മുന്നോട്ട് കുതിച്ച് സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലിനൊപ്പം ഗ്ലെൻ ഫിലിപ്സ് സ്ട്രോക്കുകൾ പായിച്ചതോടെ വീണ്ടും കളി മുറുകിത്തുടങ്ങി. നാല്പത്തി രണ്ടാം ഓവർ എറിഞ്ഞ കുൽദീപ് യാദവ് ഒരു റൺ മാത്രം നൽകിയതോടെ തൊട്ടടുത്ത ഓവറിൽ അടിച്ച് കളിക്കാൻ ന്യൂസ്‌ലൻഡ് നിർബന്ധിതരായി. കൃത്യസമയത്ത് തന്നെ വിക്കറ്റ് വീഴ്ത്തി ബൂമ്ര കരുത്തുകാട്ടി. വൈഡ് ലോംഗോഫിൽ ഉജ്ജ്വലമായ ഒരു റണ്ണിംഗ് ക്യാച്ചിലൂടെ ജഡേജ ഗ്ലെൻ ഫിലിപ്സിനെ പിടികൂടി. ന്യൂസ്‌ലൻഡ് 5 വിക്കറ്റിന് 295 റൺസ്.
അടുത്ത ഓവറിൽ കുൽദീപിനെ സ്വീപ് ചെയ്യാൻ ശ്രമിച്ച മാർക്ക് ചാപ്‌മാൻ ജഡേജയുടെ കൈകളിൽ ഒതുങ്ങി. സ്കോർ ആറിന് 299 . നാൽപ്പത്തിയാറാം ഓവർ എറിയാനെത്തിയ ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് നേടി. ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച മിച്ചൽ ജഡേജയുടെ ഭദ്രമായ കൈകളിൽ ഒതുങ്ങിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. മിച്ചൽ സാന്റ്‌നറെ മുഹമ്മദ് സിറാജും ടിം സൗത്തിയേയും ഫെർഗൂസനേയും മുഹമ്മദ് ഷമിയും പുറത്താക്കിയതോടെ ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. വി 70 റൺസിന്റെ ഗംഭീര വിജയം. 57 റൺസിന് 7 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് കളിയിലെ താരം.
വിരാട് കോഹ്‌ലിയുടെ അൻപതാം സെഞ്ച്വറിയുടേയും ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറിയുടേയും പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റിന് 397 റൺസാണെടുത്തത്. മുൻ നിരബാറ്റർമാരെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് ടീം ഇന്ത്യക്ക് കരുത്തായത്. ക്യാപ്ടൻ രോഹിത് ശർമ്മ തുടങ്ങിവെച്ച വെടിക്കെട്ട് ബാറ്റിംഗ് മറ്റുള്ളവരും ഏറ്റെടുത്തതോടെയാണ് പടുകൂറ്റൻ സ്കോർ നേടാൻ ടീമിന് കഴിഞ്ഞത്.
ആദ്യ ഓവറിൽ തന്നെ ലക്ഷ്യം വ്യക്തമാക്കി രോഹിത് ശർമ്മ ആക്രമണം ആരംഭിച്ചതിനു ശേഷം ഒരിക്കൽ പോലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ന്യൂസ്‌ലൻഡിന് കഴിഞ്ഞില്ല. സ്കോർ 71 ൽ നിൽക്കേ 29 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ്മ ടിം സൗത്തിയുടെ വേഗം കുറഞ്ഞ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. നാല് ബൗണ്ടറികളും നാല് കൂറ്റൻ സിക്സറുകളുമാണ് രോഹിത് ശർമ്മ പായിച്ചത്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത് നേടി.
തുടർന്ന് ഒത്ത് ചേർന്ന കോഹ്‌ലി – ഗിൽ സഖ്യം രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. റിട്ടയേഡ് ഹർട്ടായി ഗിൽ പുറത്തുപോയതിനു ശേഷം എത്തിയ ശ്രേയസ് അയ്യർക്കൊപ്പം കോഹ്‌ലി ടീമിനെ മുന്നോട്ട് നയിച്ചു. 163 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയ ഇരുവരും ചേർന്ന് ടീമിനെ മുന്നൂറു കടത്തി. സച്ചിനെ മറികടന്ന് കോഹ്ലി അൻപതാം സെഞ്ച്വറിയും ഇതിനിടയിൽ നേടി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിന്റെ റെക്കോഡും കോഹ്ലി മറികടന്നു.
സ്കോർ 327 ൽ നിൽക്കെ ടിം സൗത്തിയുടെ പന്തിൽ ഡെവൺ കോൺവേ പിടിച്ച് കോഹ്‌ലി പുറത്തായി. 113 പന്തുകളിൽ 9 ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തി 117 റൺസാണ് കോഹ്ലി നേടിയത്. ഇതിനിടയിൽ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ച ശ്രേയസ് അയ്യർ കെ.എൽ രാഹുലിനൊപ്പം ചേർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 49 -)0 ഓവറിൽ ബോൾട്ടിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ച് പുറത്താകുമ്പോൾ 105 റൺസാണ് അയ്യർ നേടിയത്. 70 പന്തുകളിൽ എട്ട് പടുകൂറ്റൻ സിക്സറുകളും 4 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി കെ.എൽ രാഹുൽ 20 പന്തിൽ 29 റൺസോടെയും വീണ്ടും ബാറ്റിംഗിനിറങ്ങിയ ഗിൽ 66 പന്തിൽ 80 റൺസോടെയും പുറത്താകാതെ നിന്നു.
Discussion about this post