സൂര്യഭഗവാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഹൈന്ദവ ഉത്സവമാണ് ഛഠ് പൂജ. ഉത്തരേന്ത്യയിലാണ് ഈ ഉത്സവം കൂടുതലായും ആഘോഷിക്കപ്പെടുന്നത്. ‘സൂര്യ ഷഷ്ഠി’ എന്നും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. കർശനമായ ഉപവാസം അനുഷ്ഠിച്ച് മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് ഛഠ് പൂജയുടെ ഭാഗമായി ഉള്ളത്. ഈ വർഷത്തിൽ നവംബർ 17 മുതലാണ് ഈ ഉത്സവം ആരംഭിക്കുന്നത്.
ആദ്യ ദിവസം നഹയ്-ഖായ്, രണ്ടാം ദിവസം ഖർണ, മൂന്നാം ദിവസം സന്ധ്യാ അർഘ്യ, നാലാം ദിവസം ഉഷാ അർഘ്യ എന്നിങ്ങനെയുള്ള പ്രത്യേക ചടങ്ങുകളോടെ ആണ് ആഘോഷങ്ങൾ നടക്കുക. സൂര്യാരാധനയുടെ ഭാഗമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമാണിത്. സന്തോഷം, ഐശ്വര്യം, സന്താന ലബ്ധി, ദീർഘായുസ്സ് എന്നിവയ്ക്കെല്ലാമായി കൃത്യമായ ഉപാസനയോടെ ഹിന്ദു കുടുംബങ്ങൾ ഛഠ് പൂജ നടത്തുന്നു.
ഈ ഉത്സവത്തിലെ പ്രധാന ഉപവാസം ഷഷ്ഠി തിഥിയിൽ ആചരിക്കപ്പെടുന്നു. എന്നാൽ പൂജ ആരംഭിക്കുന്നത് കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർഥി മുതലാണ്. രാവിലെ സൂര്യോദയ സമയത്ത് അർഘ്യ അർപ്പിച്ചതിന് ശേഷം സപ്തമി തിഥിയിൽ ചടങ്ങ് അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ഠി തിഥിയിൽ ഷഷ്ഠി മാതാവിനെയും സൂര്യദേവനെയും ആരാധിക്കുന്ന ഒരു ആചാരമുണ്ട്. അതുകൊണ്ടാണ് ഈ ഉത്സവത്തെ ‘സൂര്യ ഷഷ്ഠി’ എന്നും വിളിക്കുന്നത്.
ആദ്യ ദിവസം ആചരിക്കുന്ന നഹായ് ഖായിലൂടെ പൂജകൾക്ക് ആരംഭമാകുന്നു. കർശനമായ വ്രതം ആണ് ഈ ദിവസങ്ങളിൽ വേണ്ടത്. സമ്പൂർണ്ണ സസ്യഹാരത്തോടൊപ്പം ഉള്ളി, വെളുത്തുള്ളി എന്നിവ പോലെയുള്ള ഭക്ഷണങ്ങൾ പോലും ഈ ദിവസങ്ങളിൽ വിശ്വാസികൾ ഒഴിവാക്കും. ഈ ദിവസത്തിൽ 24 മണിക്കൂർ സമയത്തോളം ഉപവാസം അനുഷ്ഠിക്കുന്നവരും ധാരാളമാണ്. രണ്ടാം ദിവസമായ
നവംബർ 18-നാണ് ഖർന ആചരിക്കുന്നത്. ഈ ദിവസത്തെ സൂര്യോദയം തൊഴുത ശേഷം പ്രസാദമായി ഉണ്ടാക്കുന്ന പ്രത്യേക പായസം കഴിക്കുന്നു. ഇതിനുശേഷം 36 മണിക്കൂർ നീളുന്ന ഉപവാസമാണ് ഉള്ളത്.
മൂന്നാം ദിവസമായ നവംബർ 19 നാണ് അർഘ്യ. ഈ ദിവസം അസ്തമയ സൂര്യന് അർഘ്യം അർപ്പിക്കുന്നു. ഇതിനെ സന്ധ്യാ അർഘ്യ എന്നും വിളിക്കുന്നു. ജലാശയങ്ങളിൽ നിന്നുകൊണ്ടാണ് സന്ധ്യാ അർഘ്യ അർപ്പിക്കുക. ഈ ദിവസം രാത്രിയോടെ പഴങ്ങൾ, അരിയുണ്ട എന്നിവ പ്രസാദമായി ഭക്ഷിക്കുന്നതാണ്. നാലാം ദിവസം അതായത് നവംബർ 20 ന് ഉദയസൂര്യന് അർഘ്യം അർപ്പിക്കുന്നതോടെയാണ് ഛാത്ത് പൂജയ്ക്ക് പരിസമാപ്തി ആകുന്നത്. സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസങ്ങൾ വളരെ ഐശ്വര്യ ദായകമായാണ് കരുതപ്പെടുന്നത്. കുടുംബിനികൾ തങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും സന്തോഷത്തിനും ഐശ്വര്യത്തിനുമായി ഭക്തിപൂർവ്വം ഛഠ് പൂജ ആഘോഷിക്കുന്നു.
Discussion about this post