പുതുക്കാട് : ഓള്‍ ഇന്ത്യ പെര്‍മിറ്റിന്റെ പിന്തുണയോടെ വീണ്ടും യാത്ര സര്‍വ്വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ ഉപദ്രവിക്കാനുറച്ച് സംസ്ഥാന സര്‍ക്കാര്‍. യാത്ര തുടങ്ങിയ നിമിഷം മുതല്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധനയക്കായി പിടിച്ചിടുകയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.
കോടതിയുടെ പിന്‍ബലത്തില്‍ ഇന്ന് രാവിലെ പുനരാരംഭിച്ച സര്‍വ്വീസ് ബസ് എടുത്ത് നൂറു മീറ്റര്‍ ആയപ്പോഴേക്കാണ് ആദ്യം എംവിഡി തടഞ്ഞത്. ഇവിടെ വച്ച് 7500 രൂപ പിഴയും നല്‍കി ബസ് വിട്ടു നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ബസ് പുതുക്കാട് എത്തിയപ്പോഴും എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കാത്ത് നില്‍പ്പുണ്ടായിരുന്നു. ഇതോടെ ക്ഷുഭിതരായ യാത്രക്കാര്‍ ശക്തമായി തന്നെ എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ചു. ‘ ഈ ഡ്രൈവറുടെ ലൈസന്‍സ് ഇതുവരെ നാല് തവണ നിങ്ങള്‍ പരിശോധിച്ചു. എന്തിനാ വീണ്ടും വീണ്ടും പരിശോധിച്ച് ഉപദ്രവിക്കുന്നത്. വണ്ടി പറഞ്ഞ് വിട്. ഞങ്ങള്‍ക്ക് സമയത്തിന് കോയമ്പത്തൂര്‍ എത്താനുള്ളതാണ്’, ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. ഇതോടെ മറ്റ് യാത്രക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂകി വിളിച്ച് നാണം കെടുത്തുകയാണ് ചെയ്തത്.
അതേസയം നിയമപരമായി എന്തെങ്കിലും പിഴവ് ബസില്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് എംവിഡി ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. സ്ഥിരം പരിശോധനയുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ എന്നാണ് എംവിഡി പറയുന്ന ന്യായീകരണം. എന്നാല്‍ അതിന് ഇടയ്ക്കിടെ ഇങ്ങനെ ബസ് തടഞ്ഞിടുന്നത് എന്തിനാണെന്ന് ചോദ്യത്തിന് മറുപടി നല്‍കാന്‍ അവര്‍ തയ്യാറാകുന്നില്ല. ബസ് ഉടമസ്ഥന്‍ ഗിരീഷ് അടക്കം യാത്രയില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. നിലവില്‍ ഇത്തരം പരിശോധനകള്‍ കാരണം വളരെയധികം വൈകിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലഘൂകരിച്ചതിലൂടെയാണ് റോബിന്‍ ബസ് പെര്‍മിറ്റ് നേടി അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നടത്തിയത്. എന്നാല്‍ ബസ് പലവിധ കാരണങ്ങള്‍ നിരത്തി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് കോടതി ഉത്തരവിലൂടെയാണ് ഉടമയായ ഗിരീഷ് വണ്ടി തിരിച്ചെടുത്തത്. എന്നാല്‍ കോടതിയുടെ അനുകൂല ഇടപെടല്‍ ഉണ്ടായിട്ട് പോലും സര്‍വ്വീസ് സുഗഗമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് ഗിരീഷ് പറയുന്നു.
പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടിലാണ് റോബിന്‍ ബസ് സര്‍വീസ് നടത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റാന്നിയില്‍ വച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ശേഷം ഇന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.
Discussion about this post