ജപ്പാൻ: സോക ഗക്കായ് ബുദ്ധമത സംഘടനയുടെ മുൻ നേതാവായ ഡെയ്‌സാകു ഇകെഡ (95) അന്തരിച്ചു. ജപ്പാനിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധമത സംഘടനയാണ് സോക ഗക്കായ്. ടോക്കിയോയ്ക്കടുത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് സോക്ക ഗക്കായ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.
സോക ഗക്കായ് സംഘടനയുടെ വികസനത്തിനും അന്താരഷ്ട്രരംഗത്തു സംഘടനയുടെ പ്രാധിനിധ്യം വളർത്തുവാനും പതിറ്റാണ്ടുകളായി പോരാടിയ നേതാവാണ് ഡെയ്‌സാകു ഇകെഡ. കൂടാതെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമായി (എൽഡിപി) സൗഹാർദ്ദപരമായ ബദ്ധം വളർത്തിയെടുക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു.
ലോകമെമ്പാടും 12 ദശലക്ഷം അംഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഈ ബുദ്ധമത സംഘടനയിൽ ഹോളിവുഡ് താരം ഒർലാൻഡോ ബ്ലൂം, യുഎസ് ജാസ് സംഗീതജ്ഞൻ ഹെർബി ഹാൻകോക്ക് , വിരമിച്ച ഇറ്റാലിയൻ ഫുട്ബോൾ താരം റോബർട്ടോ ബാജിയോ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ അംഗങ്ങളാണ്.
“സമാധാനം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പുരോഗമനപരമായ പല നടപടികളിലും ജപ്പാനിലും ആഗോളതലത്തിലുമായി ഇകെഡ പങ്ക് വഹിച്ചിരുന്നു” ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എക്സിലൂടെ പറഞ്ഞു.
1960-ൽ ഇകെഡ സോക ഗക്കായ്‌യുടെ പ്രസിഡന്റായി. 1975-ൽ സോക്ക ഗക്കായ് ഇന്റർനാഷണൽ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം സംഘടനയെ ആഗോളതലത്തിൽ വളർത്തി. കൂടാതെ, ചൈനയുടെ മുൻ പ്രധാനമന്ത്രി ഷൗ എൻലായ്, സോവിയറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവ് തുടങ്ങിയ ലോക നേതാക്കളെ കണ്ടു സംഘടന വിപുലീകരിച്ചു.
“അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്രസ്ഥാനം നവീകരിക്കപ്പെട്ടു, ലോകമെമ്പാടുമുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടു,” സോക ഗക്കായ് ഇന്റർനാഷണൽ അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു. 1964-ൽ ഇകെഡ കൊമേറ്റോ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. നിലവിൽ 465 അംഗ അധോസഭയിൽ 32 സീറ്റുകളുമായി ഭരണകക്ഷിയായ എൽഡിപിയുമായി സംഖ്യത്തിലാണ് കൊമേറ്റോ രാഷ്ട്രീയ പാർട്ടി .
Discussion about this post