കൊച്ചി: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ പുസ്തകോത്സവം ശ്രദ്ധേയമായി. കോട്ടയം, എറണാകുളം , ആലപ്പുഴ ജില്ലകളിലെ നൂറിലധികം സ്കൂളുകൾ കേന്ദ്രീകരിച്ച് സെപ്റ്റംബർ 5 മുതൽ നവംബർ 15 വരെയായിരുന്നു കുട്ടികളുടെ പുസ്തകോത്സവം നടന്നത്. ഇതിൽ നിന്ന് മികച്ച രീതിയിൽ പുസ്തകോസ്തവം സംഘടിപ്പിച്ച മൂന്ന് സ്കൂളുകൾക്ക് പുരസ്കാരവും നൽകുന്നുണ്ട്.
ഒന്നാം സമ്മാനം തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠവും രണ്ടാം സമ്മാനം വെളിയനാട് ഗവ. യുപി സ്കൂളും മൂന്നാം സമ്മാനം തൃപ്പൂണിത്തുറ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. 5000 രൂപയുടെ പുസ്തകങ്ങളും മൊമന്റോയുമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക, 3000 രൂപയുടെ പുസ്തകങ്ങളും മൊമന്റോയും രണ്ടാം സ്ഥാനക്കാർക്കും 1000 രൂപയുടെ പുസ്തകങ്ങളും മൊമന്റോയും മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. ഇതിന് പുറമെ ഓരോ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടിക്ക് 500 രൂപയുടെ പുസ്തകങ്ങളും, മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.
ഇഎൻ നന്ദകുമാർ, ഇഎം ഹരിദാസ്, അഡ്വ. എം ശശിശങ്കർ, കൃഷ്ണമൂർത്തി, ലിജി ഭരത്, പിബി രഞ്ജിത്ത് എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് മികച്ച സ്കൂളുകളെ തെരഞ്ഞെടുത്തത്. സമ്മാനങ്ങൾ ഡിസംബർ 10 ന് രാവിലെ 10 മണിക്ക് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച് വിതരണം ചെയ്യും.
Discussion about this post