എറണാകുളം: കുഫോസിന്റെ ലേഡീസ് ഹോസ്റ്റലിൽ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ വിദ്യാർത്ഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പനങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ഹോസ്റ്റലിലെ കുളിമുറിയിൽ സ്ഥാപിച്ച ഒളിക്യാമറ വിദ്യാർത്ഥിനിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിലായിരുന്നു സംഭവം. കുളിക്കാനായി അകത്തുകയറിയ വിദ്യാർത്ഥിനിയുടെ ശ്രദ്ധയിൽ ക്യാമറ ഓൺചെയ്തുവച്ച നിലയിൽ മൊബൈൽ ഫോൺ പെടുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചു. ഇതോടെ ക്യാമറയുമായി പ്രതിയും ഓടി രക്ഷപ്പെട്ടു. തുടർന്ന് ഹോസ്റ്റൽ അധികൃതർ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഹോസ്റ്റലിലെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്. ഇത് അന്വേഷണത്തെ ബാധിക്കുന്നത്. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. അടുത്തിടെയായി കുഫോസ് പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഒളിക്യാമറ വച്ച സംഭവം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ കുഫോസിൽ അധികൃതർ അടിയന്തിര യോഗം ചേർന്നു.
Discussion about this post