ജെറുസലേം: തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പല്‍ യമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്തെന്ന ഇസ്രായേലിന്റെ ആരോപണം സ്ഥിരീകരിച്ച് ഹൂതി വിമതസംഘം. ഇസ്രായേലി വ്യവസായിയുടെ ഉടമസ്ഥതയിലുളളതാണ് കപ്പലെന്നാണ് ഹൂതി വിമതരുടെ ആരോപണം. എന്നാല്‍ കപ്പലുമായി ഒരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് പൗരന്റേതാണ് കപ്പല്‍. ജപ്പാന്‍ സ്വദേശിയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. കപ്പലില്‍ ഒറ്റ ഇസ്രായേല്‍ പൗരന്‍ പോലുമില്ലെന്നും അവര്‍ വ്യക്തമാക്കി. വടക്കന്‍ യെമനിലും അതിന്റെ ചെങ്കടല്‍ തീരത്തും ഹൂതി വിമതരാണ് നിയന്ത്രണം കൈയ്യാളുന്നത്.
ഹൂതി വിമതസംഘത്തിന്റെ വക്താവ് ആണ് കപ്പല്‍ തട്ടിയെടുത്തതായി സ്ഥിരീകരിച്ചത്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഞങ്ങളുടെ പലസ്തീന്‍ സഹോദരങ്ങളോട് ഇസ്രായേല്‍ ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ക്കുളള പ്രതികാരമായാണ് കപ്പല്‍ തട്ടിയെടുത്തതെന്ന് ഹൂതി വക്താവ് യഹ്യ സറീ പറഞ്ഞു. മേഖലയുടെ സുരക്ഷയും സുസ്ഥിരതയുമാണ് അന്താരാഷ്ട്ര സമൂഹം പരിഗണിക്കുന്നതെങ്കില്‍ ഗാസയിലേക്കുളള ഇസ്രായേലിന്റെ ആക്രമണം സ്വന്തം നിലയില്‍ അവസാനിപ്പിക്കുമെന്നും ഹൂതി വിമത നേതാവ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഗാലക്സി ലീഡര്‍ എന്ന കപ്പലാണ് ഇവര്‍ തട്ടിയെടുത്തത്. ഇരുപത്തിയഞ്ചോളം വരുന്ന ക്രൂ ജീവനക്കാര്‍ കപ്പലിലുണ്ട്. ഇവര്‍ ഏതൊക്കെ നാട്ടുകാരാണെന്നും വ്യക്തമായിട്ടില്ല. ഞായറാഴ്ചയാണ് ചെങ്കടലില്‍ നിന്ന് കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്തത്. ഇതിന് പിന്നില്‍ ഇറാന്റെ കൈകളുണ്ടെന്നും ഇസ്രായേല്‍ ആരോപിക്കുന്നു.
യുക്രെയ്ന്‍, ബള്‍ജീരിയ, ഫിലിപ്പീന്‍സ്, മെക്സിക്കോ എന്നീ രാജ്യക്കാരാണ് കപ്പലിലെ ജീവനക്കാരെന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ പറയുന്നത്. ഇസ്രയേല്‍ പതാകയുള്ളതോ ഇസ്രയേല്‍ കമ്പനികളില്‍പ്പെട്ടതോ ആയ കപ്പലുകള്‍ തട്ടിക്കൊണ്ടുപോകുമെന്ന് സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post