ജറുസലേം: ഇസ്രായേലിൽ നിന്നും ഹമാസ് ഭീകരർ പിടികൂടിയ ബന്ദികളെ ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പോരാട്ടത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരെ എത്തിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തായത്. ഇസ്രായേൽ സേനയാണ് ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ആക്രമണത്തിന് പിന്നാലെ രാവിലെ 10.53 ഉണ്ടായ സംഭവങ്ങളാണ് ദൃശ്യങ്ങളിൽ ഒന്നിൽ ഉള്ളത്. നീല വസ്ത്രം ധരിച്ച ഇസ്രായേലി യുവാവിനെ പിടിച്ചുകൊണ്ട് ആശുപത്രിയുടെ എൻട്രസ് വഴി ഭീകരർ വരുന്നത് ദൃശ്യങ്ങളിൽ കാണാം. അഞ്ച് ഭീകരരാണ് യുവാവിനെ കൊണ്ടുവന്നത്. ഇതിൽ മൂന്ന് പേരുടെ പക്കൽ ആയുധവും ഉണ്ടായിരുന്നു.
10.55 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നതിൽ മറ്റൊന്ന്. അടിവസ്ത്രം മാത്രം ധരിച്ച ഒരു യുവാവിനെ ഏഴംഗ ഭീകര സംഘം ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതാണ് വീഡിയോ. ഇതിൽ നാല് പേരുടെ കൈവശം ആയുധങ്ങൾ കാണാം.
യുദ്ധത്തിന്റെ ആദ്യ ദിനം മുതൽ ഭീകരർ അൽഫിഷ ആശുപത്രിയെ ഒളിത്താവളമായി പ്രയോജനപ്പെടുത്തിയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ആശുപത്രി ആയതിനാൽ ഇതിനുള്ളിലേക്ക് കയറി സൈനിക നീക്കങ്ങൾ നടത്തുക ഇസ്രായേലിന് പ്രയാസകരമാണ്. ഇത് കണക്കിലെടുത്താണ് ഭീകരരുടെ നീക്കം എന്നാണ് സൂചന.
Discussion about this post