ന്യൂഡൽഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള രണ്ടാംഘട്ട 2+2 മന്ത്രിതല ചർച്ച ഡൽഹിയിൽ നടന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ഇന്ത്യയ്ക്ക് വേണ്ടി ചർച്ചകളിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസും വിദേശകാര്യമന്ത്രി പെന്നി വോംഗുമാണ് പങ്കെടുത്തത്.
ഇസ്രയേൽ ഹമാസ് സംഘർഷം, ഇന്തോ- പസഫിക് സാഹചര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ മന്ത്രിതല സമ്മേളനത്തിൽ ചർച്ചയായി. സമീപകാല ഇന്തോ പസഫിക് രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം പശ്ചിമേഷ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരസ്പരം പങ്കുവെച്ചതായി ജയശങ്കർ എക്‌സിൽ പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റിൽ കിരീടം ചൂടിയ ഓസ്‌ട്രേലിയയെ ഇന്ത്യൻ പ്രതിനിധി സംഘം അഭിനന്ദിച്ചു. റിച്ചാർഡ് മാർലസുമായി നടത്തിയ ചർച്ച ശക്തമായ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഇരുരാജ്യങ്ങളുടെ സുരക്ഷാ പരിരക്ഷയ്ക്കും മുതൽകൂട്ടാവുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് കൂടുതൽ കരുത്തു പകരാൻ പ്രതിരോധ വ്യവസായത്തിലും ഗവേഷണത്തിലുമുള്ള കൂടുതൽ സഹകരണം ഉറപ്പുവരുത്തിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണികൾ, എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കാര്യക്ഷമമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post