മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. സ്ഥിരം ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനം. പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബർ 23ന് വിശാഖപട്ടണത്താണ് ആദ്യ മത്സരം. രണ്ടാമത്തെ മത്സരം 26ന് തിരുവനന്തപുരത്ത് നടക്കും. 28ന് ഗുവാഹട്ടിയിലാണ് മൂന്നാമത്തെ മത്സരം. ഡിസംബർ 1ന് നാഗ്പൂരും 3ന് ഹൈദരാബാദിലും നടക്കാനിരുന്ന മത്സരങ്ങളുടെ വേദി മാറ്റിയിട്ടുണ്ട്. മത്സരങ്ങൾ യഥാക്രമം റായ്പൂരിലും ബംഗലൂരുവിലുമാകും നടക്കുക. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അവസാന മത്സരത്തിന്റെ വേദി മാറ്റം. നാഗ്പൂരിലെ മത്സരം മാറ്റിയതിന്റെ കാരണം വ്യക്തമല്ല.
ഏകദിന ലോകകപ്പിൽ കളിച്ച ശ്രേയസ് അയ്യർക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. അവസാന രണ്ട് മത്സരങ്ങളിൽ വൈസ് ക്യാപ്ടനായി അയ്യർ ടീമിനൊപ്പം ചേരും. അയ്യരുടെ അഭാവത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഋതുരാജ് ഗെയ്ക്വാദ് ആയിരിക്കും വൈസ് ക്യാപ്ടൻ.
യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിംഗ്, തിലക് വർമ, വാഷിംഗ്ടൺ സുന്ദർ, തുടങ്ങി നിരവധി യുവതാരങ്ങൾക്ക് അവസരം ലഭ്യമായെങ്കിലും സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല.
ടീം: സൂര്യകുമാർ യാദവ് (ക്യാപ്ടൻ), ഋതുരാജ് ഗെയ്ക്വാദ് ( വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ
ലോകകപ്പിന് ശേഷം ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വി വി എസ് ലക്ഷ്മൺ ആകും ഓസീസ് പരമ്പരയിൽ ഇന്ത്യയുടെ മുഖ്യ പരിശീലകൻ.
ഓസ്ട്രേലിയയുമായുള്ള പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ട്വന്റി പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഡിസംബർ 10 ന് ഡർബനിലാണ് പരമ്പരയിലെ ആദ്യ മത്സരം. ബൂമ്രയും പാണ്ഡ്യയും ഈ പരമ്പരയിൽ കളിച്ചേക്കും.
Discussion about this post