ജയ്പൂർ: കോൺഗ്രസ് പാർട്ടിയും നെഹ്രു കുടുംബവുമാണ് ഇന്ത്യയുടെ രാഹുകേതുക്കളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഭാവിക്ക് എന്തെങ്കിലും ദോഷം വരാനുണ്ടെങ്കിൽ അതിന് കാരണക്കാർ ഇക്കൂട്ടരാണെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രയാനിലൂടെ ത്രിവർണ പതാക ചന്ദ്രനിൽ എത്തിക്കുമെന്ന് മോദിജി ഉറപ്പ് നൽകിയിരുന്നു. അദ്ദേഹം അത് പാലിച്ചു. ജി20 ഉച്ചകോടിക്ക് ആതിഥ്യമരുളിയതോടെ, ഇന്ത്യയുടെ നയതന്ത്ര പതാകയും അദ്ദേഹം ഉയരങ്ങളിൽ പാറിച്ചു. പുതിയ പാർലമെന്റ് സമുച്ചയവും കർത്തവ്യപഥും നിർമ്മിച്ചത് മോദി സർക്കാരാണ്. 2014ൽ ലോകത്ത് പതിനൊന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഇന്ന് മോദി അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാക്കി ഉയർത്തിയിരിക്കുന്നു. അമിത് ഷാ പറഞ്ഞു.
ഈ അടുത്ത കാലത്തായി രാഹുൽ ഗാന്ധി നിരന്തരം ജാതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ജവഹർലാൽ നെഹ്രു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്ക് അധികാരം ഉണ്ടായിരുന്ന നാളുകളിൽ കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങൾക്ക് എതിരായിരുന്നു. താനും അങ്ങനെ തന്നെയാണെന്ന് രാഹുൽ ഗാന്ധി പറയാതെ പറയുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ ഭരണഘടനാ സ്ഥാപനമാക്കിയത് ബിജെപിയാണ്. രാജ്യത്തിന് പിന്നാക്ക വിഭാഗക്കാരനായ ആദ്യ പ്രധാനമന്ത്രിയെ സമ്മാനിച്ചതും ബിജെപിയാണ്. വൃഥാ വാഗ്ദാനങ്ങളല്ലാതെ കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങൾക്ക് ഒന്നും നൽകിയിട്ടില്ല. അമിത് ഷാ പറഞ്ഞു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പോലെ അഴിമതിക്കാരായ മറ്റൊരു ഭരണകൂടത്തെ താൻ ഇതിന് മുൻപ് ഒരിക്കലും കണ്ടിട്ടില്ലെന്ന് അമിത് ഷാ പരിഹസിച്ചു. അഴിമതിയും കുടുംബവാഴ്ചയുമാണ് ഇന്നും കോൺഗ്രസിന്റെ മുഖമുദ്രകൾ. രാഹുൽ ഗാന്ധിയെ ഒരു കരപറ്റിക്കാനാണ് സോണിയ ഗാന്ധി കിണഞ്ഞ് പരിശ്രമിക്കുന്നത്. 2015 മുതൽ രാഹുലിനെ സുരക്ഷിതമായ ഒരു സ്ഥാനത്ത് ഇരുത്താൻ സോണിയ ശ്രമിക്കുന്നു. എന്നാൽ അത് നടക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post