മുംബൈ: ഐപിഎൽ 2024 സീസണിന് മുന്നോടിയായി ടീമുകൾ വൻ അഴിച്ചുപണികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ കിരീട നേട്ടത്തിലെത്തിക്കുകയും രണ്ടാം സീസണിൽ റണ്ണറപ്പുകളാക്കുകയും ചെയ്ത ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്ടനായി ടീമിൽ തിരികെ എത്തിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. പാണ്ഡ്യക്ക് പകരം മുംബൈ സാക്ഷാൽ രോഹിത് ശർമ്മയെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
പാണ്ഡ്യയെയും രോഹിതിനെയും മുംബൈ, ഗുജറാത്ത് ടീമുകൾ പരസ്പരം വെച്ചുമാറാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് യാഥാർത്ഥ്യമായാൽ, വരുന്ന സീസണിൽ രോഹിത് ആകും ഗുജറാത്തിന്റെ ക്യാപ്ടൻ.
അതേസമയം രോഹിത് ടീം വിടുന്നു എന്ന വാർത്ത അസംബന്ധമാണ് എന്നാണ് മുംബൈ ഇന്ത്യൻസ് വൃത്തങ്ങൾ അനൗദ്യോഗികമായി പ്രതികരിക്കുന്നത്. ഹാർദിക് പാണ്ഡ്യയെ തിരികെ എത്തിക്കാൻ മുംബൈക്ക് പദ്ധതിയുണ്ട്. എന്നാൽ ഹാർദിക്കിന് പകരമായി ജോഫ്ര ആർച്ചറെയാകും മുംബൈ റിലീസ് ചെയ്യുകയെന്നും, അങ്ങനെ വന്നാൽ രോഹിത് തന്നെയായിരിക്കും മുംബൈയെ നയിക്കുകയെന്നുമാണ് ടീമുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പ്രതികരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2025ൽ രോഹിതിൽ നിന്നും പാണ്ഡ്യ മുംബൈ നായക പദവി ഏറ്റെടുക്കുമെന്ന് ചില സ്പോർട്സ് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
2011ൽ മുംബൈ ഇന്ത്യൻസിൽ എത്തിയ ശേഷം രോഹിത് ശർമ്മ ഇതുവരെ ടീം മാറിയിട്ടില്ല. 2013 മുതൽ രോഹിതാണ് മുംബൈ നായകൻ. 2013ൽ ചെന്നൈയെ തകർത്ത് മുംബൈക്ക് കിരീടം സമ്മാനിച്ച രോഹിത് പിന്നീട്, 2015, 2017, 2020, 2021 സീസണുകളിലും കിരീട നേട്ടം ആവർത്തിച്ചു.
2015ലാണ് ഓൾ റൗണ്ടറായി ഹാർദിക് പാണ്ഡ്യ മുംബൈയിൽ എത്തുന്നത്. ടീമിന്റെ രണ്ട് കിരീട നേട്ടങ്ങളിൽ ഒപ്പം നിന്ന പാണ്ഡ്യയെ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ റിലീസ് ചെയ്യുകയായിരുന്നു. തുടർന്ന് 15 കോടി രൂപയ്ക്കാണ് പാണ്ഡ്യയെ ഗുജറാത്ത് സ്വന്തമാക്കിയത്.
Discussion about this post