ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് ജി20 വെർച്വൽ യോഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അതേസമയം യുദ്ധത്തിൽ നിരപരാധികൾ കൊല ചെയ്യപ്പെടുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി നമ്മൾ പുതിയ ചില വെല്ലുവിളികളെ നേരിടുകയാണ്. പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും എല്ലവരെയും ആശങ്കയിലാക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള ഇന്നത്തെ തീരുമാനം ഏതായാലും പ്രതീക്ഷ നൽകുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇസ്രയേൽ- ഹമാസ് യുദ്ധം മേഖലയിൽ ആകെ വ്യാപിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ജാഗ്രത പുലർത്തണം. ഒരുമിച്ച് ഒരു കുടുംബമായി മുന്നോട്ട് പോയാൽ നമുക്ക് സമാധാനം എന്നത് അനായാസം നേടിയെടുക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി വൻ വിജയമാക്കി മാറ്റിയതിന് എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ കൂടി ജി20 വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post