ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി വനമേഖലയില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു.തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.
വനത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യത്തിന്റെയും പോലീസിന്റെയും പ്രത്യേക സേനയും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തുകയും വെടിവയ്പ്പ് ഉണ്ടാവുകയുമായിരുന്നു. സംഭവത്തില്‍ മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. ഇവരെ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. മൂന്ന് ഭീകരരില്‍ രണ്ട് പേര്‍ വിദേശപൗരന്മാരാണെന്നും ഞായറാഴ്ച മുതല്‍ പ്രദേശത്ത് ചുറ്റിക്കറങ്ങുകയാണെന്നും വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
16 കോര്‍ കമാന്‍ഡറും രാഷ്ട്രീയ റൈഫിള്‍സിന്റെ റോമിയോ ഫോഴ്‌സ് കമാന്‍ഡറും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, കലകോട്ട് ഏരിയ, ഗുലാബ്ഗഡ് വനം, രജൗരി ജില്ല എന്നിവിടങ്ങളില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
Discussion about this post