ചെന്നൈ: തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയതിൽ കേസ് എടുത്തതിന് പിന്നാലെ നടൻ മൻസൂർ അലിഖാൻ മുങ്ങി. നടനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടനെ ഫോണിൽപോലും ബന്ധപ്പെടാൻ കഴിയുന്നില്ല.
കഴിഞ്ഞ ദിവസം കേസ് എടുത്ത ചെന്നൈ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ മുങ്ങിയത്. ചോദ്യം ചെയ്യലിന് നടൻ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ ആയിരുന്നു. ഇതോടെയാണ് മുങ്ങിയെന്ന് വ്യക്തമായത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. നടനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ലിയോ സിനിമയിൽ തൃഷയും മൻസൂർ അലിഖാനും ഒന്നിച്ചാണ് അഭിനയിച്ചത്. ഈ സിനിമയിലേക്ക് ലോകേഷ് വിളിച്ചപ്പോൾ തൃഷയുമായി കിടപ്പറ രംഗം ഉണ്ടായിരിക്കുമെന്നാണ് കരുതിയിരുന്നത് എന്നും എന്നാൽ അത്തരം രംഗം കിട്ടിയില്ലെന്നുമായിരുന്നു നടന്റെ പരാമർശം. അതേസമയം കഴിഞ്ഞ ദിവസം ദേശീയഗാനത്തെ അവഹേളിക്കുന്ന നടന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
Discussion about this post