കോഴിക്കോട് :യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ രേഖ കേസുകളിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ ദിശയിൽ നടന്നിരുന്നെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിക്കില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളാണ് യൂത്ത് കോൺഗ്രസുകാർ വ്യാജമായി ഉണ്ടാക്കിയത്. യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റിന്റെ കാറിൽ നിന്നാണ് പ്രതികളെ പിടിച്ചത്. അക്കാര്യം അയാൾ സമ്മതിച്ചതാണ്. എന്നിട്ടും അന്വേഷണം നടക്കാത്തത് സംശയാസ്പദമാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ്. സതീശന്റെ സ്വന്തം നഗരസഭ സിപിഎം നോടൊപ്പം ചേർന്നാണ് നവകേരളയാത്രയ്‌ക്ക് പണം നൽകിയതെന്നും സുരേന്ദ്രൻ പറഞ്ഞു.ഇരുകൂട്ടരുടെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് തെളിവാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഇരട്ടത്താപ്പ് നിലപാടുള്ള സതീശന് നാണമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം. ഇരുകൂട്ടരും പരസ്പര സഹകരണത്തിൽ കേസ് ദുർബലമാക്കാൻ ശ്രമിച്ചാൽ ദേശീയ ഏജൻസികളെ ബിജെപി കൊണ്ടുവരും. പിടിയിലായ പ്രതികളെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ അടുപ്പക്കാരാണ്.കേരളസർക്കാർ വിഷയം ഗൗരവമായി കാണുന്നില്ല. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷന് ഈ വിഷയത്തിന്റെ ഗൗരവം മനസിലായിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post