ന്യൂഡല്‍ഹി:ഫിസിക്സും കെമിസ്ട്രിയും കണക്കും മാത്രം പഠിച്ചവര്‍ക്ക്, ബയോളജിയും ബയോ ടെക്നോളജിയും അധിക വിഷയമായി പഠിച്ചാല്‍ നീറ്റ് പരീക്ഷ എഴുതാമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. മെയ് മാസത്തില്‍ നടക്കുന്ന നീറ്റ്-യുജിസി പരീക്ഷ മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വരും. മുമ്പ് അപേക്ഷകള്‍ നിരസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഈ തീരുമാനം ബാധകമാകുമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) അറിയിച്ചു.
1997ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങളില്‍ രണ്ടു വര്‍ഷം റഗുലറായി പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരുന്നു നീറ്റ്-യുജി എഴുതാന്‍ പറ്റിയിരുന്നത്. പുതിയ മാനദണ്ഡം നിലവില്‍ വരുന്നതോടെ, 12-ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്നോളജി അധികമായി പഠിച്ചവര്‍ക്കും ഇനി മുതല്‍ നീറ്റ് പരീക്ഷ എഴുതാനാകും.
മുന്‍പ് പരീക്ഷയെഴുതിയിട്ടും ഇതേ കാരണത്താല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്കും ഇനി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് എന്‍എംസി ഫയല്‍ ചെയ്ത കോടതി കേസുകള്‍ പിന്‍വലിക്കുകയും , വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നും എന്‍എംസി വ്യക്തമാക്കി. കൂടാതെ അടുത്ത വര്‍ഷം നടക്കുന്ന നീറ്റ്‌യുജി പരീക്ഷയുടെ സിലബസ് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. 2023 ജൂണ്‍ 14-ന് നടന്ന യോഗത്തില്‍ എന്‍എംസി വിശദമായ ചര്‍ച്ചകള്‍ നടത്തുകയും 12-ാം ക്ലാസിലെ വിവിധ വിഷയങ്ങളുടെ പഠനത്തില്‍ പുതിയ വിദ്യാഭ്യാസ നയം പരിഗണിക്കുകയും ചെയ്തു.
Discussion about this post