ഹേഗ്: നെതർലൻഡ്സിൽ ഇടതുപക്ഷ- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി വലതുപക്ഷത്തിന് വൻ മുന്നേറ്റം. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഗീർത് വൈൽഡേഴ്സ്, നെതർലൺസിന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ തീവ്രവലതുപക്ഷ നേതാവാകാൻ സാദ്ധ്യത തെളിഞ്ഞു. ഡച്ച് പാർലമെന്റിന്റെ അധോസഭയിൽ 150ൽ 37 സീറ്റ് നേടി വൈൽഡേഴ്സിന്റെ പാർട്ടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം സീറ്റുകളാണ് ഇത്തവണ വൈൽഡേഴ്സിന് ലഭിച്ചിരിക്കുന്നത്. 17 സീറ്റുകളായിരുന്നു ഇദ്ദേഹത്തിന്റെ പാർട്ടിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. യൂറോപ്യൻ യൂണിയൻ മുൻ കമ്മീഷണർ ഫ്രാൻസ് ടിമ്മെർമാൻ നയിക്കുന്ന ഇടതുപക്ഷ സഖ്യത്തിന് 25 സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. 150 അംഗ ഡച്ച് പാർലമെന്റിൽ 76 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വൈൽഡേഴ്സിന്റെ പാർട്ടിയെ മറ്റുള്ള പാർട്ടികൾ പിന്തുണയ്ക്കും എന്നാണ് റിപ്പോർട്ട്.
ഗീർത് വൈൽഡേഴ്സ് സ്ഥാപിച്ച പാർട്ടി ഫോർ ഫ്രീഡം, മികച്ച ജനപിന്തുണയാണ് നെതർലൻഡ്സിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ നേടിയെടുത്തിരിക്കുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ കടുത്ത വിമർശകനാണ് വൈൽഡേഴ്സ്. ഇസ്ലാമിക മൗലികവാദികളിൽ നിന്നും നിരന്തരം വധഭീഷണികൾ നേരിടുന്ന അദ്ദേഹം കനത്ത പോലീസ് വലയത്തിലാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്.
മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ബിജെപി നേതാവ് നൂപുർ ശർമ്മ സംഘടിതമായ ആക്രമണം നേരിട്ടപ്പോൾ ഗീർത് വൈൽഡേഴ്സ് നടത്തിയ പ്രതികരണം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. പ്രീണന രാഷ്ട്രീയം ഒരിക്കലും ഗുണം ചെയ്യില്ല. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മർദ്ദത്തിന് ഒരു കാരണവശാലും ഇന്ത്യ വഴങ്ങേണ്ടതില്ലെന്നായിരുന്നു വൈൽഡേഴ്സിന്റെ വാക്കുകൾ.
നൂപുർ ശർമ്മ അസത്യമായോ അപമാനകരമായോ ഒന്നും പറഞ്ഞിട്ടില്ല. അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും വൈൽഡേഴ്സ് പറഞ്ഞിരുന്നു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടിയെയും വൈൽഡേഴ്സ് സ്വാഗതം ചെയ്തിരുന്നു. ഇന്ത്യ സമ്പൂർണ്ണ ജനാധിപത്യ രാജ്യമാണെന്നും പാകിസ്താൻ 100 ശതമാനം ഭീകര രാഷ്ട്രമാണെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ, ‘ഇന്ത്യയിലേക്കുള്ള കശ്മീരിന്റെ മടങ്ങിവരവ്‘ എന്നാണ് വൈൽഡേഴ്സ് വിശേഷിപ്പിച്ചത്.
Discussion about this post