മുംബൈ: വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെ പിടികൂടി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്. തിരുവനന്തപുരം സ്വദേശിയായ 23 കാരനാണ് പിടിയിലായത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം തകർക്കുമെന്നായിരുന്നു 23 കാരന്റെ ഭീഷണി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വിമാനത്താവളം അധികൃതർക്കാണ് 23 കാരനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. പത്ത് ലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിൻ നൽകണമെന്നും അല്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നുമായിരുന്നു ഭീഷണി. ഇ- മെയിലായിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിനുള്ള അവസാന സന്ദേശമാണ് ഇതെന്നും നിശ്ചിത മേൽവിലാസത്തിൽ ട്രാൻസ്ഫർ ചെയ്തില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ രണ്ടാം ടെർമിനൽ തകർക്കും എന്നുമായിരുന്നു ഭീഷണി. 24 മണിക്കൂറിന് ശേഷം അടുത്ത മുന്നറിയിപ്പ് നൽകുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഉടൻ തന്നെ ഭീഷണി സന്ദേശം അധികൃതർ ബന്ധപ്പെട്ടവർക്ക് കൈമാറുകയായിരുന്നു. ഇ- മെയിൽ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്ദേശം കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇതേ തുടർന്നായിരുന്നു പിടികൂടിയത്. അതേസമയം ഇത്തരം ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് കേരള പോലീസ് പറയുന്നത്.
Discussion about this post