ടെൽ അവീവ്: അതിർത്തിയിൽ ഇസ്രയേൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ, ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ട് പോയവരിൽ 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തിന്റെ ഭാഗമായി 240 പേരെയാണ് ഹമാസ് ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ട് പോയത്. ഹമാസ് മോചിപ്പിച്ചവരിൽ 13 പേർ സ്ത്രീകളും കുട്ടികളുമാണ് എന്നാണ് വിവരം.
മറ്റുള്ളവർ എഴുപതും എൺപതും വയസ്സ് വരെ പ്രായമുള്ളവരാണ്. രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയാണ് മോചിതരായവരിൽ ഏറ്റവും പ്രായം കുറഞ്ഞത്. ഇസ്രയേൽ പൗരന്മാർക്ക് പുറമേ ഹമാസ് തട്ടിക്കൊണ്ട് പോയ 10 തായ്ലൻഡ് പൗരന്മാരും ഒരു ഫിലിപ്പീൻസ് പൗരനും മോചിതരായവരിൽ ഉൾപ്പെടുന്നു.
കരാർ പ്രകാരം, ഗാസയിലേക്ക് ഭക്ഷണം, ജലം, മരുന്നുകൾ, ഇന്ധനം എന്നിവയുടെ വരവ് തത്കാലം ഇസ്രയേൽ തടയില്ല. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ നീട്ടാൻ ഇസ്രയേൽ സന്നദ്ധമായേക്കും എന്നാണ് വിവരം. ഇന്നും ബന്ദികളെ മോചിപ്പിക്കുന്നത് തുടരുമെന്ന് ഹമാസ് ഇസ്രയേലിനെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേലിൽ തടവിലായിരുന്ന 39 പലസ്തീനികളെയും വിട്ടയച്ചിട്ടുണ്ട്.
അതേസമയം, വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. കരാർ പ്രകാരം ഇനിയും ബന്ദികൾ മോചിപ്പിക്കപ്പെടേണ്ടതുണ്ട്. നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച രാത്രിയാണ് മോചിപ്പിക്കപ്പെട്ടവരുമായുള്ള ആംബുലൻസുകൾ റാഫ അതിർത്തി കടന്ന് ഗാസയിൽ നിന്നും ഈജിപ്തിൽ എത്തിയത്. ഇവരെ ഏറ്റുവാങ്ങിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. ബന്ദികളുടെ മോചനം ഇസ്രയേലിലെ ജനങ്ങൾ ആഘോഷമാക്കുകയാണ്.
Discussion about this post