ന്യൂഡൽഹി: അദാനി വിഷയത്തിൽ കോടതിക്ക് മുഖ്യം ആരോപണങ്ങളല്ല, തെളിവുകളാണെന്ന് സുപ്രീം കോടതി. നിങ്ങൾക്ക് ഹിൻഡൻബർഗിനെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം, അത് നിങ്ങളുടെ വിവേചന സ്വാതന്ത്ര്യം. എന്നാൽ കോടതികൾ പ്രവർത്തിക്കുന്നത് അപ്രകാരമല്ലെന്നും, അവിടെ പ്രാമുഖ്യം വസ്തുതാപരമായ റിപ്പോർട്ടുകൾക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അദാനി വിഷയവുമായി ബന്ധപ്പെട്ട സെബി അന്വേഷണത്തിന്മേൽ കോടതിയെ സമീപിച്ച നിയമവിദ്യാർത്ഥിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൗറീഷ്യസ് അധികൃതരിൽ നിന്നാണ്, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തിയെന്ന വിവരം ഹിൻഡൻബർഗിന് ലഭിച്ചതെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. അതിനാൽ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വിശ്വസനീയമാണെന്നും ഭൂഷൺ ആവർത്തിച്ചു.
എന്നാൽ, ഈ വസ്തുതൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ വസ്തുതാപരമാണോ അല്ലയോ എന്നത് മാത്രമാണ് കോടതിക്ക് മുന്നിലുള്ള വിഷയമെന്നും അതിനാൽ സെബി റിപ്പോർട്ട് സാധുവാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുറത്തിരുന്ന് ആർക്കും എന്തും വിളിച്ച് പറയാം. എന്നാൽ തെളിവുകളില്ലെങ്കിൽ കോടതിയിൽ അവയൊക്കെ വെറും കടലാസ് കഷണങ്ങളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അദാനി വിഷയത്തിൽ സെബിയുടെ അന്വേഷണം സംശയാസ്പദമാണെന്നും, വിഷയത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവർത്തിച്ചു. ഇതിനെതിരെ കോടതി ക്ഷുഭിതമായി പ്രതികരിച്ചു.
സെബിയുടെ അന്വേഷണം സംശയാസ്പദമാണെന്ന് തെളിയിക്കാൻ കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു. എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ രാജ്യത്തെ അംഗീകൃത ഏജൻസിയെ സമീപിക്കുന്നതെന്നും കോടതി ചോദിച്ചു.
ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താൻ അധികാരമുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് സെബി. ഒരു തെളിവുമില്ലാതെ ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ കോടതിയിൽ അധിക്ഷേപിക്കരുത്. ഈ വിഷയത്തിൽ ഇനി കൂടുതലൊന്നും കേൾക്കാനില്ലെന്നും കോടതി വ്യക്തമാക്കി.
തന്റെ വാദങ്ങൾ സാധൂകരിക്കാൻ പ്രശാന്ത് ഭൂഷൺ വീണ്ടും ചില മാദ്ധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടാൻ കോടതിയിൽ ശ്രമിച്ചു. ഇതിനെയും കോടതി നിശിതമായി വിമർശിച്ചു. പൊതു ഇടത്തിൽ എന്തും ആർക്കും പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അതൊക്കെ തെളിവുകളില്ലാതെ കോടതി തൊണ്ട തൊടാതെ വിഴുങ്ങണമെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും സുപ്രീം കോടതി ചോദിച്ചു.
സെബിയുടെ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ക്വാസി ജുഡീഷ്യൽ അധികാരമുള്ള സെബിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല. അത് കീഴ്വഴക്കവുമല്ലെന്ന് കോടതി നിരീക്ഷിച്ചു.
സെബിയെ അകാരണമായി അവഹേളിക്കാൻ ആരെയും അനുവദിക്കില്ല. ഫിനാൻഷ്യൽ ടൈംസോ ഗാർഡിയനോ അല്ല ഇന്ത്യയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാൻ സെബിയോട് ആവശ്യപ്പെടാൻ കോടതിക്ക് സാദ്ധ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post