ജയ്പൂർ: കേരളത്തിൽ സിപിഎമ്മിന് തുടർഭരണം ലഭിച്ചത് പോലെ രാജസ്ഥാനിൽ കോൺഗ്രസിനും തുടർഭരണം ലഭിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേരളത്തിൽ സിപിഎമ്മിന് തുടർഭരണം കിട്ടിയത് മികച്ച പ്രവർത്തനം കൊണ്ടാണ്. കേരളത്തിലേത് പോലെ രാജസ്ഥാനിലും ഈ സർക്കാർ തുടരണമെന്നാണ് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ഗെഹ്ലോട്ട് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ 70 വർഷക്കാലം കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും മാറി മാറി ഭരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റം വന്നു. സിപിഎം സർക്കാർ തുടർ ഭരണത്തിലെത്തി. രാജസ്ഥാനിൽ കോൺഗ്രസ് ഇത് ആവർത്തിക്കും.
കേരള മോഡലിനെ പോലെ രാജസ്ഥാൻ മോഡലും അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ആയതാണ്. സർക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങൾ ഇഷ്ടപ്പെട്ടുവെന്നാണ് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
അതേസമയം രാജസ്ഥാൻ നിയമസഭയിലെ 200ൽ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 7.00 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6.00 മണിക്ക് അവസാനിക്കും. സംസ്ഥാനത്ത് ബിജെപി അധികാരം പിടിക്കുമെന്നാണ് ഏറെക്കുറേ എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരിക്കുന്നത്.
Discussion about this post