ബംഗളൂരു: മുൻനിര യുദ്ധവിമാനങ്ങളിൽ ഒന്നായ തേജസിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ എത്തിയാണ് അദ്ദേഹം തേജസിൽ പറന്നത്. വിമാനയാത്രയുടെ അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അത്രയും മനോഹരം ആയിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാവിലെയോടെയായിരുന്നു അദ്ദേഹം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ എത്തിയത്. കമ്പനിയുടെ പ്രവർത്തനങ്ങളും തേജസ് വിമാനങ്ങളുടെ കാര്യശേഷി പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം എത്തിയത്. തേജസ് യുദ്ധവിമാനങ്ങളെക്കുറിച്ച് അധികൃതർ പ്രധാനമന്ത്രിയ്ക്ക് വിശദീകരിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന് വിമാനത്തിൽ സഞ്ചരിക്കാൻ അവസരം ഒരുക്കുകയായിരുന്നു.
തേജസിൽ ഇരിക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി വിമാനയാത്രയുടെ അനുഭവം പങ്കുവച്ചത്. തേജസ് വിമാനത്തിൽ വിജയകരമായി ചെറുയാത്ര നടത്തിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യാത്രാനുഭവം പ്രതിരോധരംഗത്തെ തദ്ദേശീയവത്കരണത്തിനായുള്ള രാജ്യത്തിന്റെ കഴിവിലുള്ള തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. രാജ്യത്തിന്റെ കരുത്തിനെക്കുറിട്ടുള്ള അഭിമാനവും ശുപാപ്തിവിശ്വാസവും വർദ്ധിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അടുത്തിടെ 12 സുഖോയ് 30 എംകെ യുദ്ധവിമാനങ്ങൾക്കായി വ്യോമസേന എച്ചഎഎല്ലുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി എച്ചഎഎല്ലിൽ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം ജീവനക്കാരിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രധാനമന്ത്രി തേജസിൽ പറക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post