ചണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ബത്തിന്ദ എസ്എസ്പി ഗുർബീന്ദർ സിംഗിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന് രണ്ട് വർഷം ആകാനൊരുങ്ങുന്ന വേളയിലാണ് നടപടി.
സംഭവത്തിന് പിന്നാലെ ഗുർബീന്ദറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുന്നു. സംഭവ സമയം തന്റെ ചുമതല നിർവ്വഹിക്കുന്നതിൽ അദ്ദേഹം വീഴ്ചവരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേ തുർന്നാണ് നടപടി. സംഭവത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
2022 ജനുവരി അഞ്ചിനായിരുന്നു സംഭവം. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ പ്രതിഷേധം നടന്നുവരികയായിരുന്നു. ഫിറോസ്പൂരിലെ ഹുസ്സൈനിവാലയിലേക്കുള്ള യാത്രയ്ക്കിടെ ഫ്‌ളൈ ഓവറിൽ വച്ച് അദ്ദേഹത്തെ പ്രതിഷേധക്കാർ തടഞ്ഞു. ഇതേ തുടർന്ന് 20 മിനിറ്റോളമാണ് പ്രധാനമന്ത്രി ഫ്‌ളൈ ഓവറിൽ കുടുങ്ങിക്കിടന്നത്.
ഇതിനിടെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വന്നിരുന്നു. പ്രധാനമന്ത്രിയ്ക്ക് അധിക സുരക്ഷ നൽകുന്നതിൽ പഞ്ചാബ് സർക്കാർ വീഴ്ച വരുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞത്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
Discussion about this post