ലണ്ടൻ: ഹമാസ് അനുകൂല പ്രതിഷേധവുമായി ലണ്ടനിലെ തെരുവുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മതതീവ്രവാദികൾ. സംഭവത്തിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയാണ് മതതീവ്രവാദികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
മദ്ധ്യസ്ഥകരാറിലെ വ്യവസ്ഥ പ്രകാരം നിലവിൽ ഗാസയിൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഒഴിവാക്കി ഗാസയിൽ പൂർണവെടിനിർത്തൽ കരാർ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, പലസ്തീൻ കൊടി എന്നിവ കൈകളിലേന്തിയായിരുന്നു പ്രതിഷേധം. ഇതിന് പുറമേ നാസി ചിഹ്നങ്ങളും ചിലർ കയ്യിലേന്തിയിരുന്നു.
ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളും അള്ളാഹു അക്ബറും മുഴക്കിയായിരുന്നു പ്രതിഷേധക്കാർ തെരുവുകളിൽ ഭീതിപടർത്തിയത്. വഴിയാത്രികരിൽ ചിലരെ ഇവർ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. നാസി ചിഹ്നങ്ങൾ കയ്യിലേന്തിയവരെയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്‌തേക്കാമെന്നാണ് സൂചന.
അതേസമയം പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച് പ്രതിഷേധക്കാർ നടത്തിയ റാലിയുടെ ദൃശ്യങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഇതിൽ പങ്കെടുക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്.
Discussion about this post