കൊല്ലം : ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഉടന്‍ ശുഭ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പോലീസില്‍ നിന്ന് വിവരം ലഭിച്ചതായി സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. കുട്ടിയ്ക്കായി പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാം എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷണം നടത്തുന്നുണ്ട്. ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു. എന്നാലും സമയം നീണ്ടുപോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുട്ടിയെ കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണം. പോലീസുമായി ചര്‍ച്ച നടത്തുന്നുണ്ട്’, ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ സംസ്ഥാനത്തുടനീളം പോലീസ് ശക്തമാക്കിയിരിക്കുകയാണ്. കാണാതായിട്ട് 17 മണിക്കൂര്‍ പിന്നിടുകയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്നും സംശയാസ്പദമായി മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ഇവര്‍ക്ക് കേസുമായി ബന്ധമില്ല എന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ ഉടന്‍ വിട്ടയച്ചേക്കുമെന്നാണ് സൂചന.
ഇന്നലെ വൈകീട്ടോടെയായിരുന്നു ആറ് വയസ്സുകാരി അബിഗേല്‍ സാറയെ വീടിന്റെ സമീപത്തു നിന്നും കാറില്‍ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജൊനാഥനെയും കടത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി ചെറുത്ത് നിന്നതിനാല്‍ കഴിഞ്ഞില്ല. രാത്രിയോടെ വീട്ടുകാര്‍ക്ക് സംഘത്തിന്റെ ഫോണ്‍ കോള്‍ വരുകയും കുട്ടിയെ വിട്ട് കിട്ടാന്‍ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.
Discussion about this post