കൊച്ചി: വഞ്ചനാ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി. വിഷയം ഇരുകക്ഷികളും തമ്മിൽ നേരത്തേ ഒത്തുതീർപ്പായതാണ് എന്ന് കാട്ടിയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ശ്രീശാന്തിന്റെ അറസ്റ്റ് തടഞ്ഞത്. കേസ് കൂടുതൽ നടപടികൾക്കായി ഡിസംബർ 8ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.
കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ താൻ തെറ്റായി പ്രതി ചേർക്കപ്പെടുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. കേസിന് ആസ്പദമായ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ല. പരാതിക്കാരനുമായോ മറ്റ് പ്രതികളുമായോ തന്നെ ബന്ധിപ്പിക്കുന്ന സാധുവായ യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടില്ലെന്നും ശ്രീശാന്ത് കോടതിയിൽ വ്യക്തമാക്കി.
പരാതിക്കാരനെ വഞ്ചിക്കാൻ പ്രതികൾ തന്റെ പേര് ഉപയോഗിച്ചിരിക്കാം. എന്നാൽ തനിക്ക് അതിൽ ഉത്തരവാദിത്തമില്ല. അത്തരമൊരു സംഭവം താൻ അറിഞ്ഞിട്ട് കൂടിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 2019ൽ നടന്ന സംഭവത്തിൽ ഇത്രയും വൈകി കേസെടുത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കരിയറിൽ താൻ മികച്ച തിരിച്ചുവരവ് നടത്തുന്ന ഈ സമയത്ത് ഇത്തരമൊരു കേസ് വന്നത് ദുരൂഹമാണെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി.
നിലവിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സിന്റെ താരമാണ് ശ്രീശാന്ത്. ലീഗിൽ മികച്ച പ്രകടനമാണ് ഈ മലയാളി താരം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post