ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ജർമനിയിലെ മ്യൂണിച്ചിൽ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറക്കിയത്. ഇതേ തുടർന്ന് വിമാനം മണിക്കൂറുകളോളം വൈകി.
പുലർച്ചെയോടെയായിരുന്നു സംഭവം. ജർമ്മൻ സ്വദേശിയും തായ്‌ലൻഡ് സ്വദേശിനിയുമാണ് പരസ്പരം വഴക്കിട്ടത്. ജർമ്മനയിൽ നിന്നും വിമാനം പുറപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു ഇവർ തമ്മിൽ വഴക്ക് ആരംഭിച്ചത്. തർക്കം രൂക്ഷമായതോടെ യുവതി പൈലറ്റിനോട് വിവരം പറഞ്ഞു. ഭർത്താവ് ഭീഷണിപ്പെടുത്തുവെന്നും രക്ഷിക്കണം എന്നുമായിരുന്നു യുവതി പറഞ്ഞത്. ഇതോടെ പൈലറ്റ് വിമാനം അടിയന്തിരമായി താഴെയിറക്കാനുള്ള അനുമതി തേടുകയായിരുന്നു.
വിമാനം അടിയന്തിരമായി പാകിസ്താനിൽ ഇറക്കാൻ ആയിരുന്നു അനുമതി തേടിയത്. എന്നാൽ ആവശ്യം നിഷേധിക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഡൽഹിയിൽ ഇറക്കാൻ അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ചതോടെ വിമാനം ഇറക്കി.
പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ജർമ്മൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ജർമ്മൻ സ്വദേശി ഭാര്യയോടും പൈലറ്റിനോടുമെല്ലാം മാപ്പ് പറഞ്ഞു. ഇതോടെ വെറുതെ വിടുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പിന്നീട് വിമാനം ഇവിടെ നിന്നും പുറപ്പെട്ടത്.
Discussion about this post