തമിഴ്‌നാട്:മൊബൈല്‍ വ്യവസായത്തില്‍ ഇന്ത്യ വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന 99.2 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. മൊബൈല്‍ നിര്‍മ്മാണത്തില്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഇരുപത് മടങ്ങ് വളര്‍ച്ചയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നതില്‍ കാര്യമായ മാറ്റം സംഭവിച്ചു. 2014 ല്‍ മൊബൈല്‍ വിപണി 98 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചിരുന്നു.എന്നാല്‍ 2023 എത്തിയപ്പോള്‍ 99.2 ശതമാനവും മൊബൈലുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഫലമായാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ മൊബൈല്‍ ഫോണ്‍ വ്യവസായത്തിന്റെ വളര്‍ച്ചയെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രശസ്തരായ ആളുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ നിര്‍മ്മാണത്തില്‍ രാജ്യം കൈവരിച്ച വളര്‍ച്ച അവലോകനം ചെയ്യാന്‍ മൊബൈല്‍ വ്യവസായത്തിലെ പ്രധാന പങ്കാളികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമായും മൊബൈല്‍ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഉയര്‍ന്നു വരാനുള്ള കഴിവിനെയാണ് ചര്‍ച്ച ചെയ്തത്. വ്യവസായത്തിന്റെ നേട്ടങ്ങള്‍ , ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ , ഈ വിജയം നിലനിര്‍ത്തുന്നതിനും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സഹകരണ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ തുടര്‍ച്ചയായ വളര്‍ച്ചയില്‍ തന്റെ ശുഭാപ്തിവിശ്വാസവും മന്ത്രി വൈഷ്ണവ് അറിയിച്ചു.
Discussion about this post