കൊച്ചി: നവകേരള സദസ്സിന്റെ പേരിൽ നടത്തുന്ന വഴിവിട്ടപരിപാടികളെ വിമർശിച്ച് ഹൈക്കോടതി. നവകേരള യാത്രയുടെപേരിൽ കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് ഹൈക്കോടതി. നവകേരളസദസ്സിനു സ്‌കൂൾകുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ഈ ചോദ്യമുയർത്തിയത്.
ഒരു പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതും കാഴ്ചവസ്തുക്കളെപ്പോലെ കൈവീശിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു ചടങ്ങിനു കുട്ടികളെ ക്ഷണിച്ച് അവിടെ നടക്കുന്നതുകാണിച്ച് പ്രസംഗം കേൾപ്പിക്കുന്നതിനൊന്നും കോടതി എതിരല്ലെന്ന് ജസ്റ്റിസ് പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്ക് നവകേരള സദസിനായി അനുവദിച്ചതുമായി ബന്ധപ്പെട്ട ഹർജിയിൽ പാർക്ക് നവകേരള സദസ്സിനായി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാർക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാർക്ക് ഡയറക്ടർ മറുപടി നൽകി. സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഇതോടെ കോടതി അനുവദിക്കില്ലെങ്കിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു
Discussion about this post