മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പന്തല്ലൂർ ചിറ്റത്തുപാറ ഉടുമ്പത്ത് പടിപുളിക്കൽ അയോത്ത് മുനീറി(47)നെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ഒമ്പത് വർഷം തടവും 80,000 രൂപ പിഴയുമാണ് ജഡ്ജി എസ്.ആർ. സിനി ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം 50,000 രൂപ അതിജീവിതക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
2020 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പതിനേഴുകാരിയെ പ്രതി നിരന്തരം മൊബൈൽ ഫോണിൽ സന്ദേശങ്ങളയച്ച് പിന്തുടരുകയും പിന്നീട് പാണ്ടിക്കാട് ടൗണിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങി നൽകാമെന്നു പറഞ്ഞ് വാനിൽ കയറ്റി മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.












