കോഴിക്കോട്: രാഹുൽ ഗാന്ധിയും കൊച്ചിയിലുളള സ്ഥിതിക്ക് ജോയിന്റ് നവകേരള സദസിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോഴിക്കോട് എൻഡിഎ സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിലെ രണ്ട് പാർട്ടികളും ഹമാസിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും യുവാക്കളെ തീവ്രവാദവൽക്കരിക്കാൻ കൂട്ടുനിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
നവകേരളത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിചാരം ഉണ്ടെങ്കിൽ യുവാക്കളെ തീവ്രവാദവൽക്കരിക്കാതിരിക്കണം. യുവാക്കൾക്ക് തൊഴിലും ഫാക്ടറികളും നൽകാനാണ് നോക്കേണ്ടത്. തമിഴ്‌നാട്ടിലും കർണാടകയിലും ഉൾപ്പെടെ വലിയ തോതിൽ ഫാക്ടറികൾ വരുമ്പോൾ ഇവിടെ എന്താണ് അത്തരം തൊഴിൽ സ്ഥാപനങ്ങൾ വരാത്തതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
രണ്ട് പാർട്ടികളും അവരുടെ അഴിമതി മറയ്ക്കാനായി വർഗീയവാദി എന്ന് ആരോപണം ആവർത്തിക്കുകയാണ്. ഹമാസിന് റെഡ് കാർപ്പെറ്റ് വിരിക്കുന്നത് സിപിഎം ആണ്. പിന്നെങ്ങനെയാണ് ബിജെപിയെയും എൻഡിഎ നേതാക്കളെയും വർഗീയവാദികൾ എന്ന് വിളിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കരുത്തുറ്റ ഇന്ത്യ വേണമെന്നത് എൻഡിഎയുടെ ലക്ഷ്യമാണ്. അതിൽ രാഷ്ട്രീയമില്ല. അതുകൊണ്ടു തന്നെ ഇവിടുത്തെ യുവാക്കളെ തീവ്രവാദവൽക്കരിച്ച് രാഷ്ട്രീയം കളിക്കുന്നവരെ എൻഡിഎ എതിർക്കും. ഹമാസിന്റെ ഭീകരവാദത്തെ എൻഡിഎ നേതാക്കൾ ചോദ്യം ചെയ്യുമ്പോൾ അവർ വർഗീയവാദികളാകുകയാണ്. ഹമാസിന്റെ പിന്തുണയുടെ മറവിൽ യുവാക്കളെ തീവ്രവാദ വൽക്കരിക്കാനാണ് നീക്കം. ഭാരതത്തിന് മികച്ച ഭാവിയാണ് കാണുന്നത്. ചരിത്രത്തിൽ ഇതുവരെ ഇതുപോലൊരു മാറ്റം രാജ്യത്തിന് ഉണ്ടായിട്ടില്ല. അത് നിലനിർത്തണം. ഒക്ടോബർ ഏഴിന് നടന്ന ആക്രമണം പ്രാകൃതമാണെന്നും ഭീകരമാണെന്നും ബഹ്‌റിൻ സുൽത്താൻ വരെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
1400 നിരപരാധികളെയും കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി പീഡിപ്പിക്കുകയും തലയറുക്കുകയും വെടിവെച്ച് കൊല്ലുകയും ചെയ്യുന്ന സംഘടന ഒരു തീവ്രവാദ സംഘടന തന്നെയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സാമാന്യബുദ്ധിയുണ്ടെങ്കിൽ ഉത്തരവാദിത്വമുളള ഒരു മുഖ്യമന്ത്രിക്ക് ഇത് മനസിലാവേണ്ടതാണ്. ഹമാസ് സ്വാതന്ത്ര്യസമര പോരാളികളാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. എന്നാൽ ഇത് ചൈനയല്ലെന്ന് പിണറായിക്കും സിപിഎമ്മിനും മനസിലായിട്ടുണ്ടാവില്ല.
ടിബറ്റൻ വംശജരെയും ഉയിഗർ മുസ്ലീമുകളെയും ജയിലിൽ അടയ്ക്കുന്ന ചൈനയല്ല ഇത്. ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിക്കാട്ടിയാണ് പലപ്പോഴും ഹമാസിന്റെ തീവ്രവാദത്തെ ഇടത് നേതാക്കൾ ന്യായീകരിക്കുന്നത്. എന്നാൽ അതേ ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധികൾ നിശ്ചയിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഒരു കലാപത്തിന് ആഹ്വാനം നൽകുന്ന ഇടപെടലിനെ അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയെ ഇവർ വർഗീയ വാദിയെന്ന് വിളിക്കുകയാണ്. എന്നാൽ സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ് തുടങ്ങി എല്ലാ മുസ്ലീം രാജ്യങ്ങളും ഏറ്റവും കൂടുതൽ അംഗീകരിക്കുന്ന നേതാവാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Discussion about this post