അഗര്‍ത്തല: ത്രിപുരയിലെ സ്കൂളുകളില്‍ ജനുവരി ഒന്നു മുതല്‍ യോഗ നിര്‍ബന്ധ പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളിലുമാണ് നിര്‍ബന്ധ പാഠ്യവിഷയമായി യോഗയെ ഉള്‍പ്പെടുത്തിയത്. ഇതോടെ ഗുജറാത്തിന് ശേഷം സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും ത്രിപുര.
ഘട്ടം ഘട്ടമായാണ് സ്കൂളുകളില്‍ യോഗ പരിശീലനം നടപ്പാക്കുകയെന്നും ആദ്യഘട്ടത്തില്‍ 100 സ്കൂളുകളിലാണ് യോഗ ഉള്‍പ്പെടുത്തുന്നതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി തപന്‍ ചക്രബര്‍ത്തി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യോഗ പരിശീലിപ്പിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലാണ് യോഗ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ അഭാവത്തില്‍ സ്കൂളുകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പരിശീലനം നല്‍കുക. ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
Discussion about this post