ഹൈദരാബാദ്: തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി. മൂന്നാമൂഴത്തിലേക്ക് വിജയം ഉറപ്പിച്ചിരുന്ന കെസിആറിനും മകൻ കെടിആറിനും ജനവിധി നൽകുന്നത് കനത്ത പാഠമാണ്. അപ്രതീക്ഷിതമായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന്റെ വിജയം. ഇക്കുറി കോൺഗ്രസ് മികച്ച പ്രവർത്തനം നടത്തിയെങ്കിലും തെലങ്കാന എന്ന വികാരം മുതലെടുത്ത് ജനങ്ങളുടെ മനസിൽ കയറിക്കൂടിയ കെസിആർ മൂന്നാമൂഴത്തിന് അവസരം ലഭിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
ഫലപ്രഖ്യാപനത്തിന് ശേഷം കെസിആറിന്റെ മകനും മന്ത്രിയുമായ കെടിആറിന്റെ എക്‌സിലെ പ്രതികരണം തന്നെ ബിആർഎസ് നേതൃത്വത്തിന്റെ ഞെട്ടലിന്റെ സൂചനയാണ് നൽകുന്നത്. തുടർച്ചയായ രണ്ട് വർഷം സർക്കാർ രൂപീകരിക്കാൻ അവസരം നൽകിയ തെലങ്കാനയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് കെടിആർ എക്‌സിലൂടെ പറഞ്ഞു. ഇന്നത്തെ ഫലത്തിൽ വിഷമം ഇല്ല, പക്ഷെ അത് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നത് കൊണ്ടു തന്നെ നിരാശയുണ്ട്. കെടിആർ കൂട്ടിച്ചേർത്തു.
ഈ ഫലത്തിൽ നിന്ന് പാഠം പഠിച്ച് തിരിച്ചുവരുമെന്നും കെടിആർ പറയുന്നു. സംസ്ഥാനത്ത് വിജയിച്ച കോൺഗ്രസിനെ അഭിനന്ദിച്ച കെടിആർ അവർക്ക് ആശംസകളും നേർന്നു.
തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന്റെ പേരിൽ ജനവികാരം മുതലെടുത്ത് അധികാരത്തിലേറിയ കെസിആർ ഒടുവിൽ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങിയിരുന്നു. അതിനുളള തിരച്ചടിയാണ് ജനങ്ങൾ നൽകിയതെന്ന് വേണം കരുതാൻ. ഒപ്പം കെസിആറിന്റെ മകൾ കവിതയ്‌ക്കെതിരെ ഉൾപ്പെടെ ഉയർന്ന അഴിമതി ആരോപണങ്ങളും തിരിച്ചടിയായി.
ഇന്നലെ ഗൺപോയിന്റിലൂടെ ടാർഗറ്റിലേക്ക് നോക്കുന്ന ഒരു ചിത്രം കെടിആർ പങ്കുവെച്ചിരുന്നു. ഹാട്രിക് ലോഡിങ് 3.0 എന്നും ആഘോഷിക്കാൻ തയ്യാറായിക്കോളൂ ഗയ്‌സ് എന്നും പറയുന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം പങ്കുവെച്ചത്. പാർട്ടിയുടെ തോൽവിക്ക് ശേഷം ഇതും എക്‌സ് അടക്കമുളള സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾക്ക് വിഷയമാകുന്നുണ്ട്.
Discussion about this post