തിരുവനന്തപുരം: പത്താംക്ലാസ് മൂല്യനിർണയത്തിലെ മാർക്ക് ദാനത്തെ വിമർശിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് വകുപ്പുമന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറും.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയത്. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ വിമർശനം. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. 50 ശതമാനം മാർക്കുവരെ നൽകുന്നതിതിൽ കുഴപ്പമില്ലെന്നും എ പ്ലസ് വർദ്ധിപ്പിക്കാനായി ഉദാരമായി മാർക്കുകൾ നൽകരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.
പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. അവിടെ നിർത്തണം. അതിനപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കിൽ നമ്മൾ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്കു മാത്രമാണ് എസ്എസ്എൽസിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് കിട്ടിയത്. പലർക്കും അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല. സ്വന്തം പേര് എഴുതാൻ അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല; ഇത് കുട്ടികളോടുള്ള? ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post