തിരുവനന്തപുരം: സ്കൂളിൽ പോകുമ്പോഴും മടങ്ങി വരുന്നതിനിടയിലും വിദ്യാർത്ഥികൾ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്ന പതിവ് ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്. അറിയാത്ത ആളുകളിൽ നിന്നും ലിഫ്റ്റ് ചോദിച്ച് പോകുന്നത് പല തരത്തിലുള്ള അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. ഇത്തരം ആളുകൾ ഇങ്ങോട്ട് വന്നു ലിഫ്റ്റ് തന്നാലും സ്വീകരിക്കരുതെന്ന് നിർബന്ധിച്ച് വാഹനങ്ങളിൽ കയറാൻ പറഞ്ഞാൽ ഒരു കാരണവശാലും സമ്മതിക്കരുതെന്നും എംവിഡി പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.*
വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.
അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…
അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.
അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക….
സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.
നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.
സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….
യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം…
Discussion about this post