തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. റുവൈസിന് സസ്പെൻഷൻ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് സസ്പെൻഡ് ചെയ്തത്. ഡോ. റുവൈസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ എംബിബിഎസ് ബിരുധം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കിയിട്ടുണ്ട്.
ഷഹ്നയുടെ ആത്മഹത്യ കുറിപ്പാണ് റുവൈസിന് കുരുക്കായത്. സ്ത്രീധനമോഹം മൂലം തന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഷഹ്ന കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് വിവരം. അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടുവെന്നും ഷഹ്ന കുറിപ്പിലെഴുതിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ കേസിലെ പ്രതിയായ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ ഇയാളെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
നേരത്തെ മെഡിക്കൽ പിജി അസോസിയേഷന്റെ(കെഎംപിജിഎ) സംസ്ഥാന പ്രസിഡന്റായിരുന്നു റുവൈസ്. എന്നാൽ ഷഹ്നയുടെ മരണവാർത്തക്ക് പിന്നാലെ ഇയാളെ സംഘടന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സംഘടന നീക്കിയിരുന്നു.
Discussion about this post