മുംബൈ: മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. 32 കാരനായ മഹേന്ദ്ര കിഷ്തയ്യ വേലാടി ആണ് അറസ്റ്റിലായത്. ഗഡ്ചിരോളിയിലെ ഇന്ദ്രാവതി നദിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു.
കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നദിയുടെ തീരത്തും ഇതിനോട് ചേർന്നുള്ള വനമേഖലയിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയായിരുന്നു മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ വരവ് അറിയാതെ പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു ഇയാൾ. സംശയത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മഹേന്ദ്രയാണെന്ന് പിടിയിലായത് എന്ന് പോലീസിന് വ്യക്തമായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മഹേന്ദ്ര. പോലീസിനെ ആക്രമിച്ചതിന് ഉൾപ്പെടെ ഇയാൾക്കെതിരെ കേസ് ഉണ്ട്. പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന ഇയാളുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 397, 332, 353, 341, 324, 427, 143 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. ഇതിന് പുറമേ മഹാരാഷ്ട്ര പോലീസ് ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post