ന്യൂഡല്‍ഹി:പിറ്റ് ബുള്‍,റോട്ട് വീലര്‍,അമേരിക്കന്‍ ബുള്‍ഡോഗ്,ടെറിയേഴ്‌സ്,നെപ്പോളിറ്റന്‍ മാസ്റ്റിഫ്, വുള്‍ഫ് ഡോഗ് എന്നീ അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കണമെന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. അപകടകാരികളായ നായകളുടെ ലൈസന്‍സ് റദ്ദാക്കണം എന്നുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
കൂടാതെ ഇവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തിലും തീരുമാനം വേണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി. എന്നാല്‍ അപകടകാരികളായ നായ ഇനങ്ങളെ നിരോധിക്കുന്നതില്‍ എത്രയും വേഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു .
നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍ക്കിയിരുന്നു. നിര്‍ദേശം നല്‍കിയിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍. ഇന്ത്യന്‍ ഇനം നായകളെ വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അപകടകാരികളായ നായ ഇനങ്ങളെ വളര്‍ത്തുന്നത് ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും എന്നിട്ടും അധികൃതര്‍ ലൈസന്‍സ് നല്‍കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. നായകളെ കൊണ്ടുള്ള അപകടസാദ്ധ്യതകള്‍ കുറയ്ക്കാന്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
Discussion about this post