ബെയ്ജിംഗ്: കാണാതായ ചൈനയിലെ മുൻ മന്ത്രി മരിച്ചതായി റിപ്പോർട്ട്. മുൻ ചൈനീസ് വിദേശകാര്യമന്ത്രി ഖ്വിൻ ജാംഗ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ നൽകുന്ന വിവരം.
ജൂലൈയിലാണ് ഖ്വിൻ ജാംഗിനെ കാണാതെ ആയതായുള്ള വിവരം പുറത്തുവന്നത്. ദീർഘനാളായി അദ്ദേഹത്തെക്കുറിച്ച് യാതൊരുവിവരവും ഇല്ലാതിരിക്കുന്നതിനാൽ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതായി ചൈനീസ് ഭരണകൂടം അറിയിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. എന്നാൽ തിരോധാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഭരണകൂടം പുറത്തുവിട്ടിരുന്നില്ല.
അദ്ദേഹം നാടുവിട്ടെന്നും ചൈനീസ് ഭരണകൂടത്തിന്റെ തടവിൽ ആണെന്നും തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യചെയ്‌തെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ബെയ്ജിംഗിലെ സൈനിക ആശുപത്രിയിൽ ആയിരുന്നു മരണം എന്നും വ്യക്തമാക്കുന്നു.
അതേസമയം ചൈനീസ് അധികൃതരുടെ പീഡനത്തെ തുടർന്ന് ഖ്വിൻ മരിച്ചതാണെന്നുള്ള ആരോപണവും പുറത്തുവരുന്നുണ്ട്. അമേരിക്കയിലെ ചൈനീസ് അംബാസിഡർ കൂടിയായിരുന്നു ഖ്വിൻ. സേവനകാലയളവിൽ നിർണായകമായ വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറിയെന്ന ആരോപണം ഖ്വിന്നിനെതിരെ ഉയർന്നിരുന്നു. ഇതിനിടെയാണ് ഖ്വിന്നിനെ കാണാതെ ആകുന്നത്.
Discussion about this post