ന്യൂഡൽഹി: കടലുകടക്കാൻ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങൾ. നാല് രാജ്യങ്ങൾ വിമാനങ്ങൾ വാങ്ങാൻ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തി. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആണ് തേജസ്.
നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് വിമാനം വാങ്ങാൻ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിട്ടുള്ളത്. ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് വിമാനത്തിന്റെ നിർമ്മാതാക്കൾ. എച്ച്എഎൽ ചെയർമാനും എംഡിയുമായ സി.ബി അനന്തകൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
വിമാനങ്ങൾ അർജന്റീനയ്ക്ക് കൈമാറുന്നതിന് നിലവിൽ സാങ്കേതിക തടസ്സം നിലനിൽക്കുന്നുണ്ട്. തേജസ് വിമാനങ്ങളുടെ ചില ഭാഗങ്ങൾ ലണ്ടനിൽ നിന്നുമാണ് ഇറക്കിയിരിക്കുന്നത്. 1982 ലെ ഫാൾക്ക്‌ലാൻഡ്‌സ് യുദ്ധത്തിന് ശേഷം അർജന്റീനയ്ക്ക് ലണ്ടൻ സൈനിക ഉത്പന്നങ്ങൾ നൽകുന്നത് നിരോധിച്ചിരുന്നു. അതിനാൽ വിശദമായ ചർച്ച ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ എച്ച്എഎൽ അർജന്റീനിയൻ വ്യോമസേനയുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
ഇന്ത്യയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളിൽ ഒന്നാണ് തേജസ്.
നാലാം തലമുറ യുദ്ധവിമാനമായ തേജസിൽ 65 ശതമാനം ഭാഗങ്ങളും നിർമ്മിച്ചിരിക്കുന്നത് തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾ കൊണ്ടാണ്. അടുത്തിടെ 100 തേജസ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശരാജ്യങ്ങളും വിമാനം ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്.
Discussion about this post