തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരവിന്ദാണ് നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായത്.
കോട്ടയം സ്വദേശിനിയെ കബളിപ്പിച്ച സംഭവം വാർത്തയായതിന് പിന്നാലെ കൂടുതൽ പേർ അരവിന്ദിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം കോടതിയെ പോലീസ് അറിയിച്ചിരുന്നു. ഇതോടെയാണ് കസ്റ്റഡിയിൽ വിട്ടത്.
പത്തനംതിട്ട, കോഴഞ്ചേരി ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയത്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുളള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് എം.കോം ബിരുദധാരിയിൽ നിന്ന് ഇയാൾ 80,000 രൂപ തട്ടിയിരുന്നു. ഇതാണ് ഏറ്റവും ഒടുവിലായി ലഭിച്ച പരാതി.
Discussion about this post