പത്തനംതിട്ട: തിരക്ക് വർദ്ധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടാൻ തീരുമാനം. തന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട് അനുമതി നൽകിയത്. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് അനുമതിയുള്ളത്. അതിനാൽ ഇനി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നട തുറക്കും.
അവധി ദിനങ്ങൾ ആയതിനാൽ ഇന്നലെയും ഇന്നുമായി വൻ ഭക്തജന തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ദർശനത്തിനായി ഭക്തർക്ക് 18 മണിക്കൂറോളം നേരമാണ് ക്യൂവിൽ നിൽക്കേണ്ടിവന്നത്. ഇതേ തുടർന്ന് അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ദർശന സമയം നീട്ടുന്നത്.
കഴിഞ്ഞ ദിവസം ദർശന സമയം നീട്ടാൻ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. നീട്ടാൻ കഴിയില്ലെന്നായിരുന്നു ഇതിനോട് തന്ത്രി പറഞ്ഞത്. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു.
തിരക്ക് വർദ്ധിച്ചതിനാൽ പമ്പയിൽ നിന്നുതന്നെ ഭക്തർക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ഇവിടെ ക്യൂവിൽ നിൽക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേരാണ് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരുന്നത്.
Discussion about this post