ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും രണ്ട് മക്കളും അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തമിഴ്‌നാട് സ്വദേശിനി താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. 2021 ലെ ലിയ മിസ് ദിവ റണ്ണറപ്പായിരുന്നു താരിണി.
കഴിഞ്ഞ ദിവസമാണ് മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. കൂർഗിലെ മൊൺട്രോസ് ഗോൾഫ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരൻ. ഇുവരുടെയും വിവാഹനിശ്ചയചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
സ്വപ്‌നസമാനമായ ആഢംബര വിവാഹനിശ്ചയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ചടങ്ങിന്റെ ഒരുക്കങ്ങളും തീമും ആരാധകർക്ക് നന്നേ ബോധിച്ചു. ആരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചയാളെന്ന് തിരഞ്ഞപ്പോഴാണ് അതൊരു ദേശീയ പുരസ്‌കാര ജേതാവാണെന്ന് വ്യക്തമായത്.

മറ്റാരുമല്ല മലയാളികളുടെ പ്രിയതാരം അപർണബാലമുരളിയാണ് ആ താരം. അപർണയും മഹേഷ് രാജനും നടത്തുന്ന എലീസ്യൻ ഡ്രിംസ്‌കേപ്പ് എന്ന ഇവന്റ് പ്ലാനിംഗ് കമ്പനിയാണ് കണ്ണന്റെയും ചക്കിയുടെയും വിവാഹനിശ്ചയ ഇവന്റുകൾ ഗംഭീരമാക്കിയതെന്നാണ് വിവരം.ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ എലീസ്യൻ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇൻസ്റ്റാഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.












