ന്യൂഡൽഹി: പ്രമുഖ ബോളിവുഡ് നടൻമാർക്ക് കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രസർക്കാർ. ഗുഡ്ക കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചത്.പാൻ മസാല കമ്പനികൾക്ക് പരസ്യം നൽകുന്ന നടന്മാർക്കും പ്രമുഖർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പ്പര്യ ഹരജിക്കിടയിലാണ് കേന്ദ്രം നോട്ടീസ് അയച്ചകാര്യം വെളിപ്പെടുത്തിയത്.
അലഹബാദ് ഹൈക്കോടതിയിൽ നടന്മാർ പുകയില കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് സംബന്ധിച്ച കേസിൽ വെള്ളിയാഴ്ച വാദം കേൾക്കുന്നതിനിടെയാണ് ഇതേ വിഷയം സുപ്രീം കോടതി പരിഗണിക്കുന്ന കാര്യം കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പ്രശ്‌നത്തിൽ ഇതിനകം കേന്ദ്രം നടന്മാർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാറിൻറെ ഭാഗം കേട്ട ശേഷം കോടതി അടുത്ത വാദം കേൾക്കുന്നത് 2024 മെയ് 9 ലേക്ക് മാറ്റി. കൂടാതെ അമിതാഭ് ബച്ചൻ ഈ ഗുഡ്ക കമ്പനിയുമായി കരാർ അവസാനിപ്പിച്ചതിന് ശേഷവും തന്റെ പരസ്യം സംപ്രേക്ഷണം ചെയ്തതിൻറെ പേരിൽ ഒരു ഗുഡ്ക കമ്പനിക്ക് നിയമപരമായ നോട്ടീസ് അയച്ചതായി കോടതിയെ അറിയിച്ചു.
Discussion about this post