തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി പ്രതിരോധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാലക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയവർക്കിടയിൽ കാറിൽ നിന്നിറങ്ങി ഗവർണർ പ്രതിരോധിച്ചതോടെ അസാധാരണ സംഭവങ്ങളാണ് നഗരത്തിൽ അരങ്ങേറിയത്.
ഗവർണർ കാറിന് പുറത്തിറങ്ങിയതോടെ പ്രതിഷേധിക്കാൻ എത്തിയവർ തിരിഞ്ഞോടുകയായിരുന്നു. എന്നാലും പുറകെ ചെന്ന് ഗുണ്ടകളെ വാടായെന്ന് ആരിഫ് മുഹമ്മദ് ഖാൻ വെല്ലുവിളിച്ചു.
‘ആർഎസ്എസ് ഗവർണർ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. കാറിൽ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവർണർ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ ഗവർണർ, ഇതാണോ തനിക്കൊരുക്കിയ സുരക്ഷയെന്നും ഇത് കടുത്ത സുരക്ഷ വീഴ്ചയാണെന്നും ചൂണ്ടിക്കാണിച്ചു.തനിക്ക് സുരക്ഷയില്ലെന്ന് നടുറോഡിലിറങ്ങി ഗവർണ്ണർ പ്രതികരിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇത്തരമൊരു പ്രതിഷേധം അരങ്ങേറുമോ എന്ന് ചോദിച്ച ഗവർണർ ഈ ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രിയും പാർട്ടിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുംവഴി പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്.
Discussion about this post