മനുഷ്യരിലെ മുതിർന്നവരിൽ 45% പേരും ഇടക്കെങ്കിലും കൂർക്കം വലിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. കൂർക്കംവലി സ്വയം ഒരു ശല്യം ആവാറില്ലെങ്കിലും കുടുംബാംഗങ്ങൾക്ക് പലപ്പോഴും വലിയ ശല്യമായി മാറാറുണ്ട്. മാത്രമല്ല സ്ഥിരമായി കൂർക്കം വലിക്കുന്നത് നിങ്ങൾക്ക് മറ്റു പല രോഗങ്ങളും വരാനുള്ള സാധ്യത പോലും ഉണ്ടാക്കുന്നുണ്ട്.
കൂർക്കംവലി നടത്തുന്നവരിൽ 75% പേർക്കും അൽപ്പനേരത്തേക്ക് ഉറക്കത്തിൽ ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടാകാറുണ്ട്. ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. അമിതവണ്ണം, മൂക്കടപ്പ്, ശരിയായ ഉറക്കം ലഭിക്കാത്തത് എന്നിവയെല്ലാം കൂർക്കം വലിക്ക് കാരണമാകാറുണ്ട്. അപ്പോൾ കൂർക്കം വലി ഒഴിവാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത് മലർന്നു കിടന്ന് ഉറങ്ങുന്നവരാണ് കൂടുതൽ കൂർക്കം വലിക്കുന്നത് എന്നാണ്. അതിനാൽ തന്നെ കൂർക്കം വലി ഒഴിവാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഇത്തരത്തിൽ മലർന്നു കിടക്കുന്ന ശീലം മാറ്റാനായി ശ്രമിക്കുക എന്നുള്ളതാണ്. ഒരു വശത്തേക്ക് തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത് കൂർക്കം വലി കുറയ്ക്കാൻ സഹായിക്കുന്നതാണ്. ശരിയായ ഉറക്കം ലഭിക്കാത്തതും കൂർക്കം വലി ഉണ്ടാകാൻ കാരണമാകുന്നതാണ്. അതിനാൽ എന്നും കൃത്യസമയത്ത് ആവശ്യത്തിന് ഉറങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.
ഉറങ്ങുന്നതിനു മുമ്പ് മദ്യം കഴിക്കുന്ന ശീലം കൂർക്കം വലിക്ക് ഒരു പ്രധാന കാരണമാകാറുണ്ട്. അത്തരത്തിൽ ഒരു ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കിയാൽ തന്നെ നിങ്ങളുടെ കൂർക്കം വലിയിൽ വലിയ വ്യത്യാസം അനുഭവപ്പെടും. അതോടൊപ്പം ദിവസവും വ്യായാമം ചെയ്യുന്നതും മാറ്റം ഉണ്ടാക്കുന്നതാണ്. മൂക്കടപ്പ് കഫക്കെട്ട് എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റു ചില കാരണങ്ങൾ. ഈ പ്രശ്നങ്ങൾ കൂർക്കം വലി കൂട്ടുന്നതിന് കാരണമാകും. മൂക്കടപ്പ് പോലെയുള്ള പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരം കാണുന്നത് കൂർക്കം വലി കുറയ്ക്കാൻ സഹായിക്കും.
ഇനി വളരെ കടുത്ത കൂർക്കം വലി ഉള്ളവരാണെങ്കിലോ ഉറക്കത്തിൽ പലപ്പോഴും സ്ഥാനം മാറി പോകുന്നവർ ആണെങ്കിലോ നിങ്ങളുടെ കട്ടിലിന്റെ തലഭാഗം അല്പം ഉയർത്തി വയ്ക്കുന്നത് ഫലപ്രദം ആകുന്നതാണ്. ഇഷ്ടികകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കൾ കട്ടിലിന്റെ കാലിന് താഴെ സ്ഥാപിച്ചുകൊണ്ട് ഇത്തരത്തിൽ തലഭാഗം അല്പം പൊക്കി വയ്ക്കാവുന്നതാണ്. ഇങ്ങനെ കിടക്കുമ്പോൾ ശ്വാസോച്ഛ്വാസം ശരിയായ രീതിയിൽ നടക്കുകയും നിങ്ങളുടെ കൂർക്കം വലി കുറയുകയും ചെയ്യുന്നതാണ്.













Discussion about this post