ബംഗളുരു: ബാംഗ്ലൂർ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയിൽ 21 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടുകെട്ടുകയും നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്ത് ബെംഗളൂരു സിറ്റി പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി).
ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം എംഡിഎംഎ, ക്രിസ്റ്റലുകളുടെയും പൊടിയുടെയും രൂപത്തിൽ സിസിബി പിടിച്ചെടുത്തു. കൂടാതെ, 5 കോടി രൂപ വിലമതിക്കുന്ന 500 ഗ്രാം കൊക്കെയ്‌നും കണ്ടുകെട്ടിയിട്ടുണ്ട്. ബെംഗളൂരു പോലീസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
ലിയോനാർഡ് ഒക്വുഡിലി എന്നയാളാണ് അറസ്റ്റിലായത്. പ്രതി ബിസിനസ് വിസയിൽ ബാംഗ്ലൂർ നഗരത്തിലെത്തുകയും കഴിഞ്ഞ ഒരു വർഷമായി രാമമൂർത്തിനഗറിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയും ആയിരുന്നുവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.
പുതുവത്സരാഘോഷങ്ങൾ പ്രതീക്ഷിച്ച് നൈജീരിയൻ വ്യക്തി വൻതോതിൽ മയക്കുമരുന്ന് ശേഖരിച്ചിരുന്നതായി സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി . ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) ആക്‌ട്, ഫോറിനേഴ്‌സ് ആക്‌ട് എന്നിവ പ്രകാരവും രാമമൂർത്തിനഗർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അയൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന ഒക്വുഡിലി, മയക്കുമരുന്ന് സംഭരിക്കാനും വിതരണം ചെയ്യാനും പാഴ്‌സലുകൾ ചോക്ലേറ്റ് ബോക്സുകൾ, സോപ്പ് കവറുകൾ, ബെഡ്ഷീറ്റുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചിരുന്നു
Discussion about this post